ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള പൃഥ്വിരാജിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നജീബിന് വേണ്ടി വമ്പന്‍ മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. നാട്ടിലെ സീനുകള്‍ എല്ലാം പൂര്‍ത്തിയായ ചിത്രത്തിന്റെ അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. ജോര്‍ദ്ദാനിലും ഈജിപ്തിലുമായാണ് ഇനിയുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുക. മൊറോക്കോയും ലിസ്റ്റിലുണ്ടെന്നാണ് വിവരം.
‘2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ചിത്രം റിലീസ് ചെയ്യാന്‍ കാലതാമസമുണ്ടാകുമെന്ന് നേരത്തെ ബ്ലെസി പറഞ്ഞിരുന്നു. കുറച്ച് ലൊക്കേഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചു വരുന്നുണ്ട് അതിലൊന്നാണ് മൊറാക്കോ. ഷൂട്ടിംഗിനായിട്ടല്ല സിനിമ വൈകുന്നത്. പ്ലാനിംഗിനെടുക്കുന്ന സമയം മൂലമാണിത്. കാലാവസ്ഥാപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.’ എന്നാണ് ബ്ലെസി അന്ന് പറഞ്ഞത്.
മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നായിരിക്കും ‘ആടുജീവിതം’ എന്നാണ് റിപ്പോര്‍ട്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. കെ.യു മോഹനനാണ് ക്യാമറ. പ്രവാസി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കെജിഎ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്ലെസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ അമലാപോളും അഭിനയിക്കുന്നുണ്ട്.