നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കും; തിരുവനന്തപുരം സമ്പൂര്‍ണ ഇലക്ട്രിക് ബസ് നഗരമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. കേരളത്തിലെ നിരത്തുകളില്‍ പത്ത് ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമിക ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.

ചെറുവാഹനങ്ങള്‍ക്ക് പുറമെ, കേരളത്തിലെ പൊതുഗതാഗത രംഗത്തേക്കും ഇലക്ട്രിക് വാഹനങ്ങളെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പറേഷനില്‍ സര്‍വീസ് നടത്തുന്ന എല്ലാം കെ.എസ്.ആര്‍.ടി.സി ബസുകളും ഇലക്ട്രിക്കിലേക്ക് മാറുമെന്നും ധനമന്ത്രി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ഇലക്ട്രിക് ഓട്ടോകളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ പരീക്ഷണയോട്ടം പുരോഗമിക്കുകയാണ്. ഇത് വൈകാതെ തന്നെ നിരത്തുകളില്‍ എത്തിത്തുടങ്ങും.

സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കരുത്തേകും.

ഇലക്ട്രിക് ബസുകള്‍ക്കും വലിയ വരവേല്‍പ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മണ്ഡലകാലത്ത് ശബരിമലയില്‍ ഇലക്ട്രിക് ബസുകള്‍ എത്തിച്ചത് വന്‍ വിജയമായിരുന്നു. ഇതില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ടാണ് പൊതുഗതാഗത മേഖലയില്‍ കൂടതല്‍ ഇലക്ട്രിക് ബസുകള്‍ എത്തിക്കുന്നത്.

വാഹനങ്ങള്‍ കൂടുന്നതിനൊപ്പം റോഡുകളുടെ നിലവാരവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഡിസൈനര്‍ റോഡുകള്‍ നിര്‍മിക്കുമെന്നും ഇതിനായി ബജറ്റില്‍ 1367 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular