കൊല്‍ക്കത്ത: മാല്‍ഡയില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയെങ്കിലും ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ മറ്റൊരിടത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ നിര്‍ദേശമനുസരിച്ച് താന്‍ പോലും മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ അവര്‍ക്ക് പരിപാടി നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിക്കാര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് മമത ബാനര്‍ജി വ്യക്തമാക്കി.
ചൊവ്വാഴ്ച നടക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും പങ്കെടുക്കാനായാണ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ മാല്‍ഡയിലെത്തുന്നത്. എന്നാല്‍ മാല്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചെന്നായിരുന്നു ബി.ജെ.പി. പ്രവര്‍ത്തകരുടെ ആരോപണം. മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ ഇറക്കിയ അതേസ്ഥലത്താണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരുപറഞ്ഞ് അനുമതി നിഷേധിച്ചതെന്നും ഇത് സംസ്ഥാന സര്‍ക്കാരിന്റെ പകപോക്കലാണെന്നും ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചിരുന്നു.
അതേസമയം മാല്‍ഡ വിമാനത്താവളത്തിന് പകരം ഹോട്ടല്‍ ഗോള്‍ഡന്‍ പാര്‍ക്കിന് എതിര്‍വശത്തെ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നല്‍കിയിരുന്നതായി ജില്ലാ ഭരണകൂടവും അറിയിച്ചു. മാല്‍ഡ വിമാനത്താവളത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണം അനുമതി നല്‍കാനാകില്ലെന്നും അതിനാല്‍ ഗോള്‍ഡന്‍ പാര്‍ക്കിന് സമീപം ഹെലികോപ്റ്റര്‍ ഇറക്കാമെന്നുമാണ് ഭരണകൂടം അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. നേതാക്കള്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചത്.