ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം; ചാഹലിന് ആറ് വിക്കറ്റ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ 230 റണ്‍സിന് പുറത്തായി. ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ചാഹലിന്റെ മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ 48.4 ഓവറില്‍ 230 റണ്‍സിന് പുറത്താക്കി. ചാഹല്‍ 10 ഓവറില്‍ 42 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. ഇരു ടീമുകളും 1–1 എന്ന നിലയില്‍ സമനില പാലിക്കുന്നതില്‍ ഇന്നത്തെ മല്‍സരം ജയിക്കുന്നവര്‍ക്കാണ് പരമ്പര.

പരമ്പരയിലെ രണ്ടാം അര്‍ധസെഞ്ചുറി സ്വന്തമാക്കിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 63 പന്തുകള്‍ നേരിട്ട ഹാന്‍ഡ്‌സ്‌കോംബ്, രണ്ടു ബൗണ്ടറികളുടെ അകമ്പടിയോടെ 58 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (51 പന്തില്‍ 34), ഷോണ്‍ മാര്‍ഷ് (54 പന്തില്‍ 39), ഗ്ലെന്‍ മാക്‌സ്‌വെല്‍ (19 പന്തില്‍ 2′) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇതില്‍ ആദ്യത്തെ മൂന്നു പേരെയും പുറത്താക്കിയത് ചാഹല്‍ തന്നെ. ചാഹലിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. അലക്‌സ് കാറെ (11 പന്തില്‍ അഞ്ച്), ആരോണ്‍ ഫിഞ്ച് (24 പന്തില്‍ 14), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (20 പന്തില്‍ 10), ജേ റിച്ചാര്‍ഡ്‌സന്‍ (23 പന്തില്‍ 16), ആദം സാംപ (14 പന്തില്‍ എട്ട്), സ്റ്റാന്‍ലേക്ക് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. പീറ്റര്‍ സിഡില്‍ 11 പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓസീസ് മണ്ണില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് ചാഹലിന്റേത്. ഇതേ ഗ്രൗണ്ടില്‍ 2004ല്‍ 42 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ തന്നെ അജിത് അഗാര്‍ക്കറിന്റെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്തി ചാഹലും. ഓസീസ് മണ്ണില്‍ ആറു ഏകദിനത്തില്‍ ആറു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ സ്പിന്നറുമായി ചാഹല്‍. സാക്ഷാല്‍ ഷെയ്ന്‍ വോണിനു പോലും സാധിക്കാത്ത നേട്ടം. ഏകദിനത്തില്‍ ഇന്ത്യക്കാരന്റെ ആറാമത്തെ മികച്ച ബോളിങ് പ്രകടനം കൂടിയാണ് ചാഹലിന്റേത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി ചാഹല്‍. ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular