യുഎസ് കമ്പനിയെ ഏറ്റെടുത്ത് ബൈജൂസ്; ഇടപാട് 850 കോടി രൂപയുടേത്

കൊച്ചി: മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്‌ടെക് കമ്പനിയായ ‘ബൈജൂസ്’ വിദ്യാഭ്യാസ ഗെയ്മുകള്‍ നിര്‍മിക്കുന്ന യു.എസ്. കമ്പനിയായ ‘ഓസ്‌മോ’യെ ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ഒരു യു.എസ്. കമ്പനിയെ ഏറ്റെടുക്കുന്നത്. ഓസ്‌മോയുടെ ‘ഫിസിക്കല്‍ ടു ഡിജിറ്റല്‍ ടെക്‌നോളജി’ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. മൂന്നു മുതല്‍ എട്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഫണ്‍ ലേണിങ് സൊലൂഷന്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി 100 ശതമാനം വീതം വളര്‍ച്ചയാണ് ബൈജൂസ് കൈവരിച്ചിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം വരുമാനം മൂന്നു മടങ്ങ് വര്‍ധിച്ച് 1,400 കോടി ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കഴിഞ്ഞ മാസം വിവിധ നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്നായി 54 കോടി ഡോളറിന്റെ മൂലധന സമാഹരണം നടത്തിയതോടെ ബൈജൂസ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുക്കേഷന്‍ ടെക്‌നോജളി കമ്പനിയായി മാറിയിരുന്നു. ഏതാണ്ട് 360 കോടി ഡോളറാണ് കമ്പനിയുടെ മൂല്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് ഏതാണ്ട് 25,200 കോടി രൂപ.

Similar Articles

Comments

Advertismentspot_img

Most Popular