മടങ്ങിപ്പോകാന്‍ താല്‍പര്യമില്ല, ഇന്ത്യയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന് യുഎസ് പൗരന്മാര്‍

ന്യൂയോര്‍ക്ക്: യുഎസിലെ കോവിഡ് കേസുകള്‍ 10 ലക്ഷം കടന്നതിനു പിന്നാലെ അങ്ങോട്ടു പോകാനിരുന്ന പൗരന്മാര്‍ ഇന്ത്യയില്‍ തന്നെ തുടരാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി അസി. സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരികെ യുഎസിലേക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട പലരും ഇപ്പോള്‍ ഇന്ത്യയില്‍ത്തന്നെ കഴിയാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും ബ്രൗണ്‍ലി കൂട്ടിച്ചേര്‍ത്തു.

നാട്ടിലേക്കു തിരികെ കൊണ്ടുവരാനുള്ള വിമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പലരും തയാറായിട്ടില്ല. ചൊവ്വാഴ്ച വരെയുള്ള കണക്ക് അനുസരിച്ച് 10 ലക്ഷം പേര്‍ക്കാണ് യുഎസില്‍ കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. 58,348 മരണവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആകെ 31,368 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1008 പേര്‍ മരിച്ചു.

‘രണ്ടാഴ്ച മുന്‍പു വരെ ഞങ്ങള്‍ വിളിച്ചാല്‍ അപ്പോള്‍ത്തന്നെ വിമാനത്താവളത്തിലെത്താന്‍ പലരും തയാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറി. പലതവണ വിളിച്ച് വരുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. 4000 പൗരന്മാരെയാണ് കഴിഞ്ഞയാഴ്ച യുഎസില്‍ തിരികെ എത്തിച്ചത്. ഇനിയും 6000 പേര്‍ കൂടി എയര്‍ലിഫ്റ്റിന് കാത്തിരിപ്പുണ്ട്’ – ബ്രൗണ്‍ലി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular