ന്യൂഡല്‍ഹി: മോദി വീണ്ടും അധികാരത്തില്‍വന്നാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന് പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷാ. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍വന്നാല്‍ ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തമാകും. രാജ്യത്തിന് ഉറച്ച സര്‍ക്കാരാണ് ആവശ്യം. ഇതു നല്‍കാന്‍ ബി.ജെ.പി.ക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിന് നല്‍കാന്‍ കഴിയുന്നത് ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോദിക്കുപിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരും ഷാ അഭിപ്രായപ്പെട്ടു.
യുദ്ധങ്ങള്‍ വിവിധതരത്തിലുണ്ട്. ചിലത് ജനങ്ങള്‍ പെട്ടെന്നു മറക്കും. എന്നാല്‍, ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തില്‍ നടന്ന പാനിപ്പത്ത് യുദ്ധങ്ങള്‍ അത്തരത്തിലുള്ളതാണ്. 131 യുദ്ധങ്ങള്‍ ശിവജിയുടെ നേതൃത്വത്തില്‍ മറാഠികള്‍ ജയിച്ചു. എന്നാല്‍, മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടു. ഈ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാര്‍ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വര്‍ഷത്തേക്ക് അടിമത്തത്തില്‍ വീണു. അത് നിര്‍ണായകമായ യുദ്ധമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിര്‍ണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.