വീണ്ടും പന്ത്..!!! അര്‍ധ സെഞ്ച്വറിയുമായി ജഡേജയും..!!! കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ ഡിക്ലയര്‍ ചെയ്തു

സിഡ്‌നി: ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയ ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറി ഏഴു റണ്‍സ് അകലെ നഷ്ടമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശയായി. എന്നാല്‍ ഋഷഭ് പന്ത്–-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നപ്പോള്‍ വീണ്ടും ഇന്ത്യന്‍ കുതിപ്പ്.. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം സെഞ്ചുറി കുറിച്ച് ഋഷഭ് പന്തും അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ജഡേജയും നടത്തിയ തേരോട്ടത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. ഏഴാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത പന്ത്–ജഡേജ സഖ്യത്തിന്റെ കരുത്തില്‍ 600 റണ്‍സ് പിന്നിട്ട ഇന്ത്യ, ഡജേ പുറത്തായതിനു പിന്നാലെ ഏഴിന് 622 റണ്‍സ് എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയാണ് ജഡേജ (81) പുറത്തായത്. ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ ഋഷഭ് പന്ത് 159 റണ്‍സുമായി പുറത്താകാതെ നിന്നു.

ചേതേശ്വര്‍ പൂജാര (193), ഹനുമ വിഹാരി (42) എന്നിവരാണ് രണ്ടാം ദിനം ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. 373 പന്തുകള്‍ നേരിട്ട പൂജാര 22 ബൗണ്ടറി സഹിതം 193 റണ്‍സെടുത്താണ് കൂടാരം കയറിയത്. വിഹാരി 96 പന്തില്‍ അഞ്ചു ബൗണ്ടറിയോടെ 42 റണ്‍സെടുത്തു. നേഥന്‍ ലയണാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റും പോക്കറ്റിലാക്കിയത്. 189 പന്തുകള്‍ നേരിട്ട പന്ത് 15 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് പന്ത് 159 റണ്‍സെടുത്തത്. 114 പന്തുകള്‍ നേരിട്ട ജഡേജ ഏഴു ബൗണ്ടറിയും ഒരു സിക്‌സും കണ്ടെത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 204 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സന്ദര്‍ശക ടീമിന്റെ വിക്കറ്റ് കീപ്പറുടെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണ് പന്തിന്റേത്. 169 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. ഓസീസ് മണ്ണില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്താണ്.

മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്കൊപ്പം തകര്‍പ്പന്‍ കൂട്ടുകെട്ടുകളും തീര്‍ത്താണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. ഓപ്പണിങ് വിക്കറ്റിലൊഴികെ ബാക്കി ആറു വിക്കറ്റുകളിലും ഇന്ത്യ മികച്ച കൂട്ടുകെട്ടു തീര്‍ത്തു. നാലാം വിക്കറ്റില്‍ പൂജാര–രഹാനെ സഖ്യം കൂട്ടിച്ചേര്‍ത്ത 48 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ബാക്കി അഞ്ചെണ്ണത്തിലും! കൂട്ടുകെട്ടുകള്‍ 50 പിന്നിട്ടു. ഏഴാം വിക്കറ്റില്‍ പന്ത്–ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്ത 204 റണ്‍സാണ് ഇതില്‍ ഉയര്‍ന്നത്. രണ്ടാം വിക്കറ്റില്‍ പൂജാര–അഗര്‍വാള്‍ സഖ്യവും (116), അഞ്ചാം വിക്കറ്റില്‍ പൂജാര–വിഹാര സഖ്യവും (101) സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തു. മൂന്നാം വിക്കറ്റില്‍ പൂജാര–കോഹ്‌ലി സഖ്യവും (54), ആറാം വിക്കറ്റില്‍ പൂജാര–പന്ത് സഖ്യവും അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്തു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്കായി പൂജാരയും വിഹാരിയും മികച്ച രീതിയിലാണ് തുടക്കമിട്ടത്. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ഇന്ത്യന്‍ ഇന്നിങ്‌സിലെ രണ്ടാം സെഞ്ചുറി കൂട്ടുകെട്ടും തീര്‍ത്തു. എന്നാല്‍, സ്‌കോര്‍ 329ല്‍ നില്‍ക്കെ വിഹാരിയെ നേഥന്‍ ലയണ്‍ മടക്കി. 96 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 42 റണ്‍സെടുത്ത വിഹാരിയെ ലബൂഷനെ ക്യാച്ചെടുത്തു പുറത്താക്കി. അഞ്ചാം വിക്കറ്റില്‍ പൂജാര–വിഹാരി സഖ്യം ചേര്‍ത്തത് 101 റണ്‍സ്.

പിന്നീടെത്തിയ ഋഷഭ് പന്തും പൂജാരയ്ക്ക് യോജിച്ച പങ്കാളിയായി. ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ സെഞ്ചുറി കൂട്ടുകെട്ടിലേക്കു നീങ്ങിയ സഖ്യം പൊളിച്ച ലയണ്‍, ചേതേശ്വര്‍ പൂജാരയ്ക്ക് ഇരട്ടസെഞ്ചുറിയും നിഷേധിച്ചു. 373 പന്തില്‍ 22 ബൗണ്ടറി സഹിതം 193 റണ്‍സുമായി ലയണിനു തന്നെ ക്യാച്ച് സമ്മാനിച്ച് പൂജാര മടങ്ങി. സിഡ്‌നിയിലെ കാണികള്‍ എഴുന്നേറ്റുനിന്നാണ് പൂജാരയെ യാത്രയാക്കിയത്. ഇതിനിടെ ആറാം വിക്കറ്റില്‍ പൂജാര – പന്ത് സഖ്യം 89 റണ്‍സും കൂട്ടിച്ചേര്‍ത്തു.

ഇതിനു പിന്നാലെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പന്ത് ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തി. ഇതിനിടെ 137 പന്തില്‍ 10 ബൗണ്ടറി സഹിതം പന്ത് കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പിന്നിട്ടു. അധികം വൈകാതെ 89 പന്തില്‍ ഒരു ബൗണ്ടറിയും സിക്‌സും സഹിതം ജഡേജ അര്‍ധസെഞ്ചുറി കടന്നു. ഇതിനു പിന്നാലെ ടെസ്റ്റിലെ തന്റെ ഉയര്‍ന്ന സ്‌കോറായ 114 റണ്‍സ് (ഇംഗ്ലണ്ടിനെതിരെ) പിന്നിട്ട പന്ത്, 150 റണ്‍സും കടന്നു. ഒടുവില്‍ നേഥന്‍ ലയണിന്റെ പന്തില്‍ ജഡേജ ക്ലീന്‍ ബൗള്‍ഡായതോടെ കോഹ്‌ലി ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

pathram:
Related Post
Leave a Comment