ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റി വച്ചു. ജനുവരി 10ലേക്കാണ് മാറ്റിയത്. ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസാണിത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പുരാതനമായ രേഖകള്‍ അടക്കം പരിശോധിക്കുന്ന കേസാണിത്.
തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് നിലനിന്ന അയോദ്ധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളില്‍ അന്തിമ വാദം എപ്പോള്‍ കേള്‍ക്കണമെന്ന കാര്യത്തില്‍ കോടതി തീരുമാനം എടുക്കും. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, റാം ലല്ല എന്നിവയ്ക്കായി ഭൂമി വിഭജിച്ചു നല്‍കണമെന്നാണ് 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹര്‍ജികളില്‍ ഉടന്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.
Leave a Comment