തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കഴിയില്ലങ്കില്‍ ശബരിമല തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നട അടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിവിധിയുടെ ലംഘനമാണ്. കോടതി വിധി നടപ്പിലാക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. വിധിയോട് വിയോജിപ്പുണ്ടെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണമായിരുന്നു.
തന്ത്രിയുടെ ഭാഗം കൂടി കേട്ടാണ് കോടതി വിധി ഉണ്ടായത്. വിധി നടപ്പാക്കാനാകില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണം. ക്ഷേത്രം അടക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ദേവസ്വം ബോര്‍ഡാണ്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡാണ് പരിശോധിക്കേണ്ടത്. മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് വാശിയില്ല. എന്നാല്‍ കോടതി വിധി പ്രകാരം സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇത് വിശ്വാസത്തോടുള്ള എതിര്‍പ്പല്ല. ഭരണഘടയോടുള്ള ഉത്തരവാദിത്വമാണ്. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട് ഉയര്‍ത്തിപ്പിടിക്കണം. പൊതുവെ മാധ്യമങ്ങള്‍ പോസിറ്റീവായ നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വനിതാ മതില്‍ പുതിയ അധ്യായമാണ് രചിച്ചത്. ഇത് ഭാവി കേരളത്തിന്റെ ദിശ തീരുമാനിക്കാന്‍ പ്രാപ്തി ഉള്ളതാണ്. എല്ലാ തരത്തിലുള്ള വനിതകള്‍ ഒരു സമ്മര്‍ദ്ദവുമില്ലാതെ മതിലില്‍ അണിനിരന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.