തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍ ആചരിക്കാന്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ശബരിമലയില്‍ ഇന്ന് പുലര്‍ച്ചെ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടകളടപ്പിച്ച് പ്രതിഷേധിക്കുകയാണ്. പലയിടത്തും നിര്‍ബന്ധപൂര്‍വ്വമാണ് കടകള്‍ അടപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.
തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നത്.
നെയ്യാറ്റിന്‍ക്കരയില്‍ ആലുംമുട്ടില്‍ റോഡ് ഉപരോധം നടന്നു. കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരുമാണ് റോഡ് ഉപരോധിച്ചത്.
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെന്‍സ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലുന്നതിന്റെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു അക്രമം.
കൊച്ചി കലൂരിലും പ്രതിഷേധപ്രകടനം നടക്കുകയാണ്. കലൂര്‍ മുതല്‍ കച്ചേരിപ്പടി വരെയാണ് പ്രതിഷേധ പ്രകടനം. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്. കൊല്ലം പരവൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ നിര്‍ബിന്ധിച്ച് കടകള്‍ അടപ്പിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് ശേഷം നട അടച്ച് ശുദ്ധികലശം നടത്തിയതിന് ശേഷം നട തുറന്നു. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ദര്‍ശനം സുഖമമായി നടക്കുകയാണ്. ഇടയ്ക്ക് തിരക്ക് കുറഞ്ഞിരുന്നെങ്കിലും ദര്‍ശനത്തിനായെത്തുന്ന ഭക്തരുടെ വരവ് കൃത്യമായി നടക്കുന്നുണ്ട്. ഇന്ന് സാമാന്യം നല്ല തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്.
ഇതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതും കുറച്ചു നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇരിട്ടിയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. ശൈലജക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.