ചരിത്രമായി വനിതാമതില്‍, 620 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്നത് ലക്ഷങ്ങള്‍; നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനും സ്ത്രീപുരുഷ സമത്വത്തിനും പ്രതിജ്ഞ എടുത്തു

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ അണിനിരന്ന് വനിതാമതില്‍. ജാതി മത കക്ഷി വ്യത്യാസമില്ലാതെ വനിതകള്‍ മതിലില്‍ പങ്കെടുത്തു. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയര്‍ത്തിയത്. കാസര്‍കോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും.
മതിലിനു മുമ്പ് അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പാര്‍ച്ചന നടത്തി. വനിതാ മതിലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ഇ.പി ജയരാജന്‍ എന്നിവര്‍ അണിനിരന്നു.
കാസര്‍കോഡ് മന്ത്രി കെ.കെ ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും മതിലില്‍ പങ്കെടുത്തു. വിഎസും പിണറായി വിജയനും കുടുംബസമേതമാണ് പരിപാടിയില്‍ പങ്കെടുത്തത്.
തിരുവനന്തപുരത്തു നിന്നു കാസര്‍കോട്ടേക്കുള്ള ദിശയില്‍ റോഡിന്റെ ഇടതുവശത്തായിരുന്നു മതില്‍. 3.30 ന് വനിതകള്‍ അണിനിരന്ന് റിഹേഴ്‌സല്‍ നടന്നിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കുട്ടികളും മതിലില്‍ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രന്‍, നടി റിമ കല്ലിങ്കല്‍, സാമൂഹിക പ്രവര്‍ത്തക അജിത തുടങ്ങിയവര്‍ കോഴിക്കോട് മതിലില്‍ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.

വനിതാ മതിലില്‍ എല്ലാവരും താഴെപറയുന്ന പ്രതിജ്ഞ ചൊല്ലി

പുതുവര്‍ഷ ദിനത്തില്‍ നാം ഒത്തുചേരുകയാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുളള മതിലായി. സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുവാനായി, കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങളെ ചെറുക്കുമെന്ന മുദ്രാവാക്യവുമായി, നാം ഇവിടെ അണിചേരുകയാണ്.

ഭ്രാന്താലയമെന്ന് നമ്മുടെ നാട് വിളിക്കപ്പെട്ടിരുന്നു. അത് ഇന്ന് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം നേടിയിരിക്കുകയാണ്. ത്യാഗപൂര്‍ണ്ണമായ സമരങ്ങളാണ് അതിന് കാരണമായതെന്ന് നാം തിരിച്ചറിയുന്നു.

മേല്‍മുണ്ട് കലാപവും കല്ലുമാല സമരവും അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് കുതിക്കുന്നതിനുളള ഇടപെടലുകളും അഭിമാനപൂര്‍വ്വം നമ്മള്‍ ഓര്‍ക്കുന്നു. അടിമത്വത്തിനെതിരെ വ്യത്യസ്ത വഴികളിലൂടെ പൊരുതി നീങ്ങിയ പോരാളികളേ, നിങ്ങളെ ഞങ്ങള്‍ അനുസ്മരിക്കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ത്യാഗങ്ങളെയും സഹനങ്ങളെയും നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുക തന്നെ ചെയ്യും.

മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കെതിരെ അന്നും ഉറഞ്ഞുതുള്ളിയ യാഥാസ്ഥിതികത്വത്തിന്റെ പുതിയ മുഖങ്ങളെ നമ്മള്‍ തിരിച്ചറിയുന്നു. അവരുടെ പ്രചരണങ്ങളില്‍ കുരുങ്ങിയവര്‍ അന്നും ഏറെ ഉണ്ടായിരുന്നു. അതിനെ വകഞ്ഞുമാറ്റിയാണ് നാം ഇവിടെ എത്തിയത്.

പരസ്പര അംഗീകാരത്തിന്റെയും പങ്കാളിത്തത്തിന്റെയും ലോകത്താണ് സ്ത്രീയുടെയും പുരുഷന്റെയും ജീവിതം സര്‍ഗ്ഗാത്മകമാകുന്നത്. സ്ത്രീ സമത്വം എന്നത് സാമൂഹ്യ വിമോചനത്തിന്റെ ഭാഗമാണ്. അതിനാലാണ് നാടിനെ സ്‌നേഹിക്കുന്നവര്‍ ഈ ആശയത്തെ പിന്തുണച്ചതെന്നും നമ്മള്‍ മനസ്സിലാക്കുന്നു. ഈ സംരംഭത്തിന് പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ നിലപാടിനെ നമ്മള്‍ ആദരവോടെ കാണുന്നു.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുളള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രതിജ്ഞ ചെയ്യുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7