ജോലിയും സാമ്പത്തിക സഹായവും നല്‍കും; സനലിന്റെ ഭാര്യ സമരം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു. സിഎസ്‌ഐ സഭ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. വിജിക്ക് അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി, ധനസഹായം എന്നിവ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്നാണ് വിവരം.

സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി, അതൊടൊപ്പം കുടുംബത്തിന് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 22 ദിവസങ്ങളായി സനലിന്റെ കുടുംബവും ആക്ഷന്‍ കൗണ്‍സിലും സമരം നടത്തിയിരുന്നത്. നിരാഹാര സമരത്തിലേക്ക് അടുത്ത ദിവസം മുതല്‍ കടക്കാനിരിക്കെ സമരം ഒത്തുതീര്‍ക്കുന്നതിനെപ്പറ്റി മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

ഇതിന് ശേഷമാണ് സിഎസ്‌ഐ സഭാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ കൂടിക്കാഴ്ചയിലാണ് സനലിന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചത്. ഈ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വിജി തീരുമാനിച്ചത്.

കഴിഞ്ഞ നവംബര്‍ അഞ്ചിന് രാത്രിയില്‍ കൊടങ്ങാവിളയില്‍ വെച്ച് ഡിവൈ.എസ്.പി.യായിരുന്ന ഹരികുമാര്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുന്നിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്നാണ് സനല്‍കുമാര്‍ മരിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും വാഗ്ദാനം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിയും കുടുംബവും സമരത്തിനിറങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular