തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അനധികൃത അവധിയില്‍ തുടര്‍ന്ന 36 ഡോക്ടര്‍മാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയാണ് പിരിച്ചുവിട്ടത്.
അമ്പതോളം ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകുന്നില്ല എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. മെഡിക്കല്‍ കോളേജുകളുടെയും ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിരവധി തവണ കത്തുകള്‍ അയച്ചിരുന്നു. പത്രത്തില്‍ പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ പ്രതികരണമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് പി എസ് സിയുടെ അനുമതിയോടെ പിരിച്ചുവിട്ടത്.
പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് 2017ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം സര്‍ക്കാര്‍ 60ല്‍നിന്ന് 62 ആക്കിയിരുന്നു.