ബെംഗളൂരു: നിയമസഭയ്ക്കകത്ത് ഫോണില്‍ യുവതിയുടെ ചിത്രം കണ്ട എം.എല്‍.എ മാപ്പുപറഞ്ഞു. നിയമസഭയ്ക്കകത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരിക്കേ ബി.എസ്.പി. എം.എല്‍.എ. എന്‍. മഹേഷ് ഫോണില്‍ യുവതിയുടെ ചിത്രം കണ്ടത് വിവാദമായിരുന്നു. എം.എല്‍.എ. ഫോണില്‍ യുവതിയുടെ ചിത്രം കാണുന്നതിന്റെ വീഡിയോ ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് വിവാദമായത്.
വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി എം.എല്‍.എ. തന്നെ രംഗത്തെത്തി. മകന് വിവാഹം ആലോചിക്കാന്‍ സുഹൃത്ത് അയച്ചു തന്ന യുവതിയുടെ ചിത്രമാണ് മൊബൈലില്‍ കണ്ടതെന്നും മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമാക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മഹേഷ്, നിയമസഭയ്ക്കകത്ത് ഫോണ്‍ കൊണ്ടുവന്നത് തെറ്റായിപ്പോയെന്നും പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി ചേര്‍ന്ന് മത്സരിച്ച മഹേഷ് സഖ്യസര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശിന് പുറത്ത് ബി.എസ്.പി.യുടെ ഏക മന്ത്രിയായിരുന്ന ഇദ്ദേഹം ഒക്ടോബറില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിരുന്നു.
2014ല്‍ ബി.ജെ.പി. എം.എല്‍.എ. പ്രഭു ചവാന്‍ നിയമസഭയ്ക്കകത്ത് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം ഫോണില്‍ കണ്ടതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ചവാനെ ഒരുദിവസത്തേക്ക് സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.