റിലീസ് ദിവസം തന്നെ ഓടിടന്‍ സിനിമയ്‌ക്കെതിരെ വ്യാപക ഡിഗ്രേഡിംഗ് ആണ് നടന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. വന്‍ ഹൈപ്പില്‍ വന്ന ചിത്രം പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നാരോപിച്ച് സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒടിയന്‍ സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുത്തതാണ് പരാജയത്തിനു കാരണം എന്ന അഭിപ്രായത്തോട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ് ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ. തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായിട്ട് മാര്‍ക്കറ്റ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. ശ്രീകുമാര്‍ മേനോന്‍ അതാണ് ചെയ്തത്. സിനിമ കണ്ട നൂറില്‍ തൊണ്ണൂറു പേര്‍ക്കും ‘ഒടിയന്‍’ ഇഷ്ടപ്പെട്ടു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ ആ സിനിമ വിജയകരമായി ഓടുന്നത്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. ഒരുപാട് പേര്‍ ചിത്രം കണ്ടു. ഒരുപാട് പേര്‍ ആ ചിത്രത്തിന്റെ നന്മയെക്കുറിച്ച് എഴുതുകയും ചെയ്തു”- മോഹന്‍ലാല്‍ പറഞ്ഞു.
പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മോനോന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഒടിയന്‍. മോഹന്‍ലാലിന്റെ രണ്ടു ഗെറ്റപ്പുകളും മറ്റും പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കി. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പ്രതീക്ഷയ്ക്ക് വിരുദ്ധമായിട്ടായിരുന്നു അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ ചിത്രം ഇഷ്ടപ്പെട്ടുവെന്ന അഭിപ്രായമുള്ളവരുമുണ്ട്.
മഞ്ജു വാരിയര്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.