കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിന്‍ തച്ചങ്കരി ഉറപ്പുനല്‍കി. അതേസമയം പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാന്‍ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നാളെ എം.ഡി നേരിട്ടെത്തി സത്യവാങ് മൂലം നല്‍കണമെന്നും നിര്‍ദേശിച്ചു.
മുഴുവന്‍ എംപാനല്‍ കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ട് പി.എസ് സി ശുപാര്‍ശ ചെയ്തവരെ തിങ്കളാഴ്ചയ്ക്കകം നിയമിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ താക്കീത്. എന്നാല്‍ രാവിലെ കേസ് പരിഗണിച്ചപ്പോഴും ഉത്തരവിറങ്ങാത്തതിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. കോടതിയെയും ജനങ്ങളെയും കെ.എസ്.ആര്‍.ടി.സി വിഢികളാക്കുകയാണന്നും ഉന്നതപദവിയില്‍ ഇരിക്കുന്നവരെയും നീക്കാന്‍ കോടതിക്ക് അറിയാമെന്നുമായിരുന്നു പ്രതികരണം.
ഒരു എംപാനലുകാരനും ജോലി ചെയ്യുന്നില്ലെന്ന് അടുത്തദിവസം എം.ഡി നേരിട്ടെത്തി സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കാന്‍ തയാറാകണം. വിമര്‍ശനം വന്നതിന് തൊട്ടുപിന്നാലെ മുഴുവന്‍പേരെയും പിരിച്ചുവിട്ടുകൊണ്ട് എം.ഡി ഉത്തരവിറക്കി. ഹൈക്കോടതിവിധി അംഗീകരിക്കുകയേ നിവൃത്തിയുള്ളുവെന്നും മേല്‍ക്കോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ഉറപ്പ് നല്‍കി.
എംപാനലുകാരെ പിരിച്ചുവിടുന്നതോടെ കെ.എസ്.ആര്‍.ടി.സിക്കുണ്ടാകുന്ന ബുദ്ധിമുട്ട് കോടതിയുടെ ശ്രദ്ധയില്‍പെടുത്തും. പി.എസ്.സി ശുപാര്‍ശ ചെയ്തവര്‍ക്കും ഉടന്‍തന്നെ നിയമന ഉത്തരവ് നല്‍കും. അതുവരെ സര്‍വീസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി തുടങ്ങി.
കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്കെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. പിഎസ്സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.