പെര്‍ത്ത്: പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യന്‍ പേസര്‍മാര്‍ വന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 243 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസിന് നാലാം ദിനം മികച്ച തുടക്കമാണ് ലഭിച്ചത്. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും നായകന്‍ ടിം പെയ്നും ഓസ്ട്രേലിയയെ കൂറ്റന്‍ ലീഡിലേക്ക് നയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഓസീസ് മോഹത്തിന് തടയിട്ടത് മുഹമ്മദ് ഷമ്മിയാണ്. 72 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയമാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ആറ് വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രീത് ബൂംമ്രയുമാണ് ഇന്ത്യക്ക് ചെറിയ ആശ്വാസം നല്‍കിയത്. എങ്കിലും മികച്ച ലീഡ് സ്വന്തമാക്കാന്‍ ഓസീസ് സാധിച്ചു.
നായകന്‍ ടിം പെയ്‌നെയും(37), ആരോണ്‍ ഫിഞ്ചിനെയും(25) പുറത്താക്കി ഷമിയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാല് ഓവറുകളുടെ ഇടവേളയില്‍, 213 പന്തില്‍ 72 റണ്‍സെടുത്ത് മുന്നേറിയിരുന്ന ഉസ്മാന്‍ ഖവാജയെയും ഷമി പുറത്താക്കി. പിന്നാലെ കമ്മിണ്‍സിനെ(1) ബൂംമ്രയും ലിയോണെ(5) ഷമിയും മടക്കിയത് കങ്കാരുക്കള്‍ക്ക് തിരിച്ചടിയായി. അവസാന വിക്കറ്റില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും ഇന്ത്യയെ വിറപ്പിച്ചെങ്കിലും ബൂംമ്ര ഓസീസ് ഇന്നിംഗ്‌സിന് അന്തകനായി. സ്റ്റാര്‍ക്ക് 14 റണ്‍സെടുത്തപ്പോള്‍ ഹേസല്‍വുഡ് 17 റണ്‍സുമായു പുറത്താകാതെ നിന്നു.
നേരത്തെ, ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 326നെതിരെ ഇന്ത്യ 283 റണ്‍സിന് എല്ലാവരും പുറത്തായി. വിരാട് കോലിയുടെ 25ാം സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പ്രത്യേകത. ആദ്യ ഇന്നിംഗ്‌സില്‍ 43 റണ്‍സിന്റെ ലീഡാണ് ഓസീസ് നേടിയത്. മധ്യനിരയുടെയും വാലറ്റത്തിന്റെ നിരുത്തരവാദിത്വമാണ് ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
ടെസ്റ്റ് കരിയറില്‍ തന്റെ 25ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ വിരാട് കോലി (123)യാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (51), ഋഷഭ് പന്ത് (36) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.