തിരുവനന്തപുരം: പൊലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐക്കാര്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി കോളേജിലെ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസിനെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്യുന്നതില്‍ കന്റോണ്‍മെന്റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് വന്നിരുന്നു.
പൊലീസുകാരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.
വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെ രണ്ട് അഡീഷണല്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാര്‍ നോക്കി നില്‍ക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതല്‍ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമില്‍ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്.