കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെയുണ്ടാകും. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. സത്യപ്രതിജ്ഞ നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേരും. ഇതിനായി എ.കെ.ആന്റണി ഭോപ്പാലിലെത്തും.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.
ഇതിനിടെ ക്ഷമയും സമയവുമാണ് രണ്ടു ശക്തരായ യോദ്ധാക്കള്‍ക്ക് ആവശ്യമെന്ന ടോള്‍സ്റ്റോയിയുടെ വാക്കുകളും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇരുനേതാക്കളേയും ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയ്ക്കൊപ്പമാണ് ടോള്‍സ്റ്റോയിയുടെ വാക്കുള്‍ രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇതോടെ കമല്‍നാഥിന് തന്നെ നറുക്ക് വീഴുമെന്ന് പ്രവര്‍ത്തകര്‍ ഏതാണ്ട് ഉറപ്പിച്ചു. അതേ സമയം രാജസ്ഥാനിലും ഛത്തീസ്ഗഢിലും തീരുമാനമായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular