ലോകകപ്പ് ഹോക്കി : ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: 43 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ ബെര്‍ത്ത് സ്വപ്നം കണ്ടിറങ്ങിയ ക്വാര്‍ട്ടറില്‍ ഇന്ത്യ പുറത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നിരാശപ്പെടുത്തുന്ന തോല്‍വിയേറ്റുവാങ്ങിയാണ് ഇന്ത്യ പുറത്ത് പോയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്‌സ് ഇന്ത്യയെ വീഴ്ത്തിയത്. തിയറി ബ്രിങ്ക്മാന്‍ (15), മിങ്ക് വാന്‍ഡര്‍ വീര്‍ഡന്‍ (50) എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ആശ്വാസഗോള്‍ ആകാശ്ദീപ് സിങ് (12) നേടി.
ആകാശ്ദീപിന്റെ ഗോളില്‍ ലീഡു നേടിയ ഇന്ത്യയെ, പിന്നീട് രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ് വീഴ്ത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍.മല്‍സരത്തിനു വെറും 12 മിനിറ്റു മാത്രം പ്രായമുള്ളപ്പോഴാണ് ആകാശ്ദീപ് സിങ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. പെനല്‍റ്റി കോര്‍ണറില്‍നിന്നും തുറന്നുകിട്ടിയ അവസരം മുതലെടുത്താണ് ആകാശ്ദീപ് സിങ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്.എന്നാല്‍, ഇന്ത്യയുടെ ലീഡിന് ആയുസ് വെറും മൂന്നു മിനിറ്റു മാത്രം. 15ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തി. പിന്നീട് ലീഡു ലക്ഷ്യമാക്കി ഇരു ടീമുകളും പൊരുതിയെങ്കിലും ഗോള്‍ അകന്നുനിന്നു. ഒടുവില്‍ അവസാന ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് വിജയഗോള്‍ പിറന്നത്. പെനല്‍റ്റി കോര്‍ണറില്‍നിന്ന് മിങ്ക് വാന്‍ഡെര്‍ വീര്‍ഡെന്‍ ലക്ഷ്യം കാണുമ്പോള്‍ മല്‍സരത്തിനു പ്രായം 50 മിനിറ്റ്.ശേഷിച്ച 10 മിനിറ്റില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചെങ്കിലും നിരാശ മാത്രം ഫലം. വഴി തെറ്റിപ്പോയ പാസുകളും കളി മെനയുന്നതിലെ പിഴവുകളും ചേര്‍ന്നപ്പോള്‍ ഇന്ത്യയ്ക്ക് ക്വാര്‍ട്ടറില്‍ തോല്‍വി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7