ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ഉജ്ജ്വലവിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചതു മോദിയാണെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.
വമ്പന്‍ അവസരമാണ് ജനങ്ങള്‍ മോദിക്കു നല്‍കിയത്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പിനു ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ധാര്‍ഷ്ട്യം കടന്നുവന്നു. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത് പ്രവര്‍ത്തിക്കാനാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി തളര്‍ന്ന അവസ്ഥയിലാണ്. പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തോടു പ്രതികരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
തിരഞ്ഞെടുപ്പു വേളയിലും അധികാരത്തിലെത്തിക്കഴിഞ്ഞും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോദിക്കു കഴിയില്ലെന്ന് ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞുവെന്നും രാഹുല്‍ പറഞ്ഞു. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണു മോദി അധികാരത്തിലെത്തിയത്. ഇപ്പോള്‍ മോദി തന്നെ അഴിമതിയില്‍ പങ്കാളിയാണെന്നു ജനങ്ങള്‍ കരുതുന്നു. തിരഞ്ഞെടുപ്പ് പരാജയം അതിന്റെ തെളിവാണെന്നും രാഹുല്‍ പറഞ്ഞു.