തിരുവനന്തപുരം: പ്രളയാനന്തര പ്രവര്‍ത്തനം അവതാളത്തിലെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ്. വി.ഡി.സതീശന്‍ എംഎല്‍എയാണ്് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഒരു മണി മുതല്‍ മൂന്ന് വരെയാണ് നോട്ടീസില്‍ ചര്‍ച്ചയുണ്ടാവുക. ഈ സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ അടിയന്തരപ്രമേയമാണ് ചര്‍ച്ചയ്ക്ക് എടുക്കുന്നത്. നേരത്തെ നിപയാണ് സഭയില്‍ ചര്‍ച്ചയ്ക്കെടുത്തിട്ടുള്ളത്.
ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. പ്രളയത്തിനു ശേഷം പുനരധിവാസം, നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന് വീഴ്ചകളുണ്ടായതായി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രമേയമെന്ന് അടിയന്തര പ്രമേയത്തിന്റെ വിശദീകരണ കുറിപ്പില്‍ വിഡി സതീശന്‍ വ്യക്തമാക്കുന്നു. മഹാപ്രളയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം.
പ്രതിപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ നിരവധി തവണ വിശദീകരണം നല്‍കിയിട്ടുള്ളതാണ്. വിഷയം ചര്‍ച്ചചെയ്യാനാണ് സര്‍ക്കാരിന് താത്പര്യം. സര്‍ക്കാര്‍ ഇതുവരെ ചെയ്തകാര്യങ്ങള്‍ സഭയില്‍ വിശദീകരിക്കാന്‍ അത് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഒരുമിച്ചാണ് നേരിട്ടതെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലെന്നും ചര്‍ച്ച ആകാമെന്നും സ്പീക്കറും വ്യക്തമാക്കി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നാല് അടിയന്തര പ്രമയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. സഭാ ചരിത്രത്തില്‍ ഇതിനു മുന്‍പ് 24 അടിയന്തര പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്തിട്ടുള്ളത്.
അതേസമയം, ശബരിമല പ്രശ്‌നത്തില്‍ യുഡിഎഫിന്റെ മൂന്ന് എംഎല്‍എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് സ്പീക്കര്‍ ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് സ്പീക്കറും അറിയിച്ചു.