കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്

കൊച്ചി: കളി സമനിലയില്‍ കലാശിക്കാന്‍ കാരണം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്. വീണ്ടും ഒരിക്കല്‍ക്കൂടി റഫറിയിങ്ങിന്റെ വലയില്‍പെട്ടു തോല്‍വി ഏറ്റുവാങ്ങി കേരളബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ ജംഷഡ്പൂരിനു അനുകൂലമായി വിധിക്കപ്പെട്ട പെനാല്‍റ്റി ഷോട്ട് ആണ് കളി സമനിലയില്‍ കലാശിക്കാന്‍ കാരണമായത്.
‘തങ്ങള്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്ഥാനം കാരണം ഒട്ടനവധി ആരാധകര്‍ കളി കാണാന്‍ എത്തിയില്ല. മികച്ച ഒരു ഗോള്‍ ഞങ്ങള്‍ നേടി, എന്നാല്‍ അനര്‍ഹമായ ഒരു പെനാലിറ്റി ഷോട്ടിലൂടെ വിജയം ഞങ്ങള്‍ക്ക് നഷ്ടമായി.’ ഡേവിഡ് ജെയിംസ് പറഞ്ഞു. മാച്ചിന് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്സിനെ പ്രധിനിതീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്നത്തേത് തീര്‍ച്ചയായും മൂന്നു പോയിന്റ് നേടേണ്ടിയിരുന്ന കളി ആയിരുന്നു. ഇത്രയും മോശമായ റഫറീയിങ് ഉള്ളപ്പോള്‍ ഒരു ഹെഡ് കോച്ച് എന്ന നിലയില്‍ താരങ്ങളെ പരിശീലിപ്പിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കളിക്കാര്‍ നൂറുശതമാനം നല്‍കുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കുന്നവരും അങ്ങനെ തന്നെ ആയിരിക്കണം. നിഷ്പക്ഷരായിരിക്കണം. ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ അവര്‍ക്കാവുന്നത്ര പരമാവധി നന്നായി കളിച്ചു. അവര്‍ മികച്ച കളിക്കാര്‍ ആണ്. ‘ ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്സിന്റെ ഓസിലെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന സഹലിനെ പ്രശംസിക്കാനും കോച്ച് ഡേവിഡ് ജെയിംസ് പിശുക്കു കാണിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി നായകനെന്നാണ് സഹലിനെക്കുറിച്ച് ജെയിംസ് പറഞ്ഞത്. സഹലിനെ 90 മിനിറ്റും കളിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പദ്ധതി. അത്ര മനോഹരമായിട്ടാണ് അദേഹം കളിച്ചത്. സഹലിനൊപ്പം മതേജ് പോപ്ലാറ്റിക്കിനെ ഇറക്കിയത് ആ വേഗം നിലനിര്‍ത്താനാണ്. ഭാവിയില്‍ ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാകും ഈ ചെറുപ്പക്കാരന്‍ ജെയിംസ് പറയുന്നു.
ഏതു സമയത്തും മുഖത്ത് ഒരു ചിരി വിരിയിക്കാന്‍ സഹലിന് സാധിക്കുന്നു. മേന്മയുള്ള താരങ്ങളുടെ ലക്ഷണമാണത്. സമ്മര്‍ദഘട്ടങ്ങളെ അതിജീവിക്കാനും സഹലിന് പ്രത്യേക കഴിവുണ്ടെന്നും ജെയിംസ് പറയുന്നു. പെനാല്‍റ്റി വഴങ്ങിയ ഗോളി ധീരജ് സിംഗിനെ പൂര്‍ണമായും സംരക്ഷിച്ചാണ് ജെയിംസ് പത്രസമ്മേളനം അവസാനിപ്പിച്ചത്. തനിക്കെതിരായ വിമര്‍ശനങ്ങള്‍ ഒരിക്കലും കളിക്കാരുടെ നേരെ തിരിയാതിരിക്കാന്‍ അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കുകയും ചെയ്തു.
വളരെയധികം സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലേക്കാണ് ബ്ലാസ്റ്റേഴ്സ് നിര ഇന്ന് കളിയ്ക്കാന്‍ ഇറങ്ങിയത്. പതിവില്‍നിന്ന് വിപരീതമായി തിരക്ക് കുറഞ്ഞ സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്സിനെ എതിരേറ്റത്. തുടര്‍ച്ചയായ സമനിലകളും തോല്‍വികളും ഫാന്‍സില്‍ ഉണ്ടാക്കിയ നിരാശ വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ കൊച്ചി സ്റ്റേഡിയം.
എന്നാല്‍ ഇന്നും സമനിലയില്‍ അവസാനിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. ബ്ലാസ്റ്റേഴ്സിന് ഇത് ആറാം സമനിലയാണ്. ഇതോടു കൂടി പത്തു മത്സരത്തില്‍ നിന്നായി ഒമ്പത്പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തു തന്നെ തുടരുന്നു. പതിനൊന്നു മത്സരത്തില്‍ നിന്നായി പതിനാറു പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ് ജംഷഡ്പൂര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7