ബന്ധു നിയമനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീല്‍ ബന്ധു നിയമനം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. വിഷയം രാവിലെ കെ.മുരളീധരന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിലൂടെ സഭയിലെത്തിച്ചിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള പ്രതിഷേധത്തിലാണ് പ്രതിപക്ഷത്ത് ആശയക്കുഴപ്പം ഉടലെടുത്തത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ വാക്കൗട്ട് നടത്തുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് പുറത്ത് പോയെങ്കിലും ലീഗ് എംഎല്‍എമാരും ചില കോണ്‍ഗ്രസ് എംഎല്‍എമാരും നടത്തളത്തിലിറങ്ങി പ്രതിഷേധം നടത്തി. എം.കെ.മുനീറിന്റെ വോക്കൗട്ട് പ്രസംഗത്തിന് ശേഷമായിരുന്നു ഇത്.
പിന്നീട് പ്രതിപക്ഷ നേതാവ് സഭയിലേക്ക് തിരിച്ചെത്തുകയും തങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് എല്ലാവരേയും കൂട്ടി ഇറങ്ങി പോകുകയായിരുന്നു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഞങ്ങളെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുകയാണെന്നും ബന്ധു നിയമനത്തില്‍ കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തല സഭാ ബഹിഷ്‌കരണ പ്രഖ്യാപനം നടത്തിയത്.
സഭാനടപടികളുമായി സഹകരിക്കാമെന്ന് നിങ്ങള്‍ പറഞ്ഞതല്ലെയെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. എന്നാല്‍ കെ.ടി.ജലീലിന്റെ രാജിയുണ്ടാകാത്തതിലാണ് ഞങ്ങള്‍ വോക്കൗട്ട് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ തന്നെ പ്രകോപനം നടത്തി ഞങ്ങളെ സഹകരിപ്പിക്കുന്നില്ലെന്നും സഭ ബഹിഷ്‌കരിച്ച ശേഷം ചെന്നിത്തല ആരോപിച്ചു.
ജലീലിനെ നിയമസഭയിലും പൊതുപരിപാടികളിലും ബഹിഷ്‌കരിക്കാനും യുഡിഎഫ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7