മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു. സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.കെ.ടി ജലീല്‍ വിഷയം സഭയിലെത്താതിരിക്കാനാണ് സഭ തടസ്സപ്പെടുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു
സഭ സൗഹാര്‍ദ്ദതയോടെയും സമാധാനത്തോടെയും ചിട്ടയോടെയും മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വം കൊടുക്കേണ്ട വ്യക്തിയാണ് സഭാ നേതാവ്. അദ്ദേഹം സഭയുടെ നേതാവാണ്. എന്നാലിന്ന് കണ്ടത് പാര്‍ട്ടി സെക്രട്ടറിയായ മുഖ്യമന്ത്രിയെയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സഭാ നേതാവാണ് ഇന്നത്തെ സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇത് അപൂര്‍വമായ നടപടിയാണ്. പ്രതിപക്ഷ അംഗങ്ങളുടെ സത്യഗ്രഹത്തേക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ മുമ്പും സഭയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഎംഎസ് ആണ് ഇത് ആദ്യമായി നടത്തിയത്. മറ്റ് വിഷയങ്ങള്‍ കൂടി സഭയില്‍ ഉന്നയിക്കുക എന്ന ലക്ഷ്യത്തോടെ സഭാ നടപടികളില്‍ സഹകരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്.
ശബരിമല വിഷയത്തില്‍ പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കുന്ന കാര്യം അറിയിക്കുന്ന സമയത്ത് പ്രതിപക്ഷത്തിനെതിരായ ആരോപണവുമായി മുഖ്യമന്ത്രി എഴുന്നേറ്റു. സഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് മുഖ്യമന്ത്രി ഭരണപക്ഷത്തെ പഠിപ്പിച്ചാല്‍ മതി. പ്രതിപക്ഷത്തിന് അക്കാര്യത്തില്‍ പഠിപ്പും കാര്യക്ഷമമായ കഴിവുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞതു കേട്ട് പോകാന്‍ തങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി കേഡര്‍മാരല്ല ചെന്നിത്തല പറഞ്ഞു.
നിയമസഭാ നടപടികള്‍ നടത്തരുത് എന്ന കുറിപ്പ് ഇന്ന് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കൊടുത്തു. മുഖ്യമന്ത്രി കുറിപ്പ് കൊടുത്തതിന് ശേഷമാണ് സ്പീക്കറുടെ നിലപാടില്‍ മാറ്റമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. കെടി ജലീലിന്റെ അഴിതി, ബന്ധുനിയമനം എന്നീ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുമൊരു പ്രതിയാണ്. ജലീല്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ.ടി. ജലീലിന്റെ വിഷയം നിയമസഭയില്‍ വരരുത് എന്ന മുഖ്യമന്ത്രിയുടെ നിര്‍ബന്ധമായിരുന്നു ഇന്ന് ഈ സഭാ നടപടികള്‍ അലങ്കോലപ്പെടാന്‍ ഇടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
വിഷയം ഞങ്ങള്‍ വിടില്ല. അത് വീണ്ടും ഉന്നയിക്കും. ആരാണ് സഭ തടസ്സപ്പെടുത്തിയതെന്ന ജനങ്ങള്‍ കണ്ടുവെന്നും ചെന്നിത്തല പറഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകേണ്ടത് സഭാ നേതാവാണ്. അതിന് പറ്റില്ലെങ്കില്‍ പിന്നെന്തിനാണ് നിയമസഭ വിളിച്ചുചേര്‍ത്തത്. തങ്ങള്‍ സഹകരിക്കാമെന്നും പറഞ്ഞിട്ടും നിയമസഭ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടമാണ്. സര്‍ക്കാര്‍ ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി മതത്തിന്റെയും ജാതിയുടെയും പേരില്‍ യോഗം വിളിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങളെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രി കാണുന്നത്. കെഇഎന്‍ ഉയര്‍ത്തിയ സ്വത്വ വാദത്തിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്നതിന്റെ തെളിവാണിത്. മുഖ്യമന്ത്രിയുടെ നിലപാടിലെ മാറ്റം കേരളത്തിന്റെ നവോത്ഥാനത്തിന് തന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു
വനിതാ മതില്‍ ഉണ്ടാക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സി.പി. സുഗതന്‍ അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിക്കാനുള്ള കര്‍സേവയില്‍ പങ്കെടുത്ത ആളാണെന്ന് ചെന്നിത്തല പറഞ്ഞു. എന്‍ഡിടിവി റിപ്പോര്‍ട്ടറെ തടഞ്ഞതും ഈ സി.പി. സുഗതന്‍ തന്നെയാണ്. നവോത്ഥാന യോഗത്തിലേക്ക 190 സംഘടനകളെ വിളിച്ചിട്ട് 80 പേരാണ് പങ്കെടുത്തത്. ഇതൊരു സിപിഎം പരിപാടി മാത്രമാണ്. ഇതിന് സര്‍ക്കാര്‍ പണം ഉപയോഗിക്കാന്‍ പാടില്ലെന്നും അതിന് തങ്ങള്‍ എതിരാണെന്നും ചെന്നിത്തല പറഞ്ഞു.
നവോത്ഥാനത്തിന്റെ പേരില്‍ സമൂഹത്തിലെ എടുക്കാ ചരക്കുകളെ മുഴുവന്‍ മഹത്വവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതൊന്നും കേരള സമൂഹം അംഗീകരിക്കില്ല. ജനങ്ങള്‍ പൊളിക്കാന്‍ പോകുന്ന മതിലാണ് ഇവര്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7