വോട്ടിങ് മെഷീനില്‍ അട്ടിമറി: മെഷീന്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.എന്നാല്‍ വൈദ്യുതി തകരാറാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ഒരു മണിക്കൂറോളം ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ അസാധാരണമായി വൈദ്യുതി ബന്ധം ഇല്ലാതായതും സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായതും.
ഭോപ്പാലില്‍ വെള്ളിയാഴ്ച രാവിലെ 8.19 മുതല്‍ 9.35 വരെയുള്ള സമത്ത് സിസിടിവി ക്യാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതായി ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇവിഎമ്മുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 28-നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.
ഇതിനിടെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും വോട്ടിങ് മെഷീനുകളെ സംബന്ധിച്ചുള്ള സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7