ശബരിമല യുവതീപ്രവേശനം; 49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി: മണ്ഡലകാലതീര്‍ഥാടനത്തിന് വെള്ളിയാഴ്ച നടതുറക്കാനിരിക്കേ ശബരിമല യുവതീപ്രവേശന വിധിക്കെതിരേ സമര്‍പ്പിച്ച 49 പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. വൈകീട്ട് മൂന്നിന് സുപ്രീംകോടതി ജഡ്ജിയുടെ ചേംബറില്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കും. അതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹര്‍ജികള്‍ തുറന്നകോടതിയിലും കേള്‍ക്കും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.
കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയില്‍ കേള്‍ക്കുക. അങ്ങനെയെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയില്‍ കേള്‍ക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയില്‍ കേള്‍ക്കാതെ വിധിയില്‍ മാറ്റംവരുത്താനാകില്ല.
ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. കേസില്‍ നേരത്തേ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീപ്രവേശത്തിന് എതിരായ വിധിയെഴുതിയത്.
ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നാല് റിട്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേള്‍ക്കുന്നത്. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം.
മണ്ഡലകാലതീര്‍ഥാടനത്തിന് വെള്ളിയാഴ്ച നടതുറക്കാനിരിക്കേ പുനഃപരിശോധനാ ഹര്‍ജി തള്ളിയാല്‍ സംസ്ഥാനത്തെ സ്ഥിതി മോശമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നണ്ട്.
അതിനിടെ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകാനിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യമാ സുന്ദരം പിന്‍വാങ്ങി. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സി.യു. സിങ് ആയിരിക്കും ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരാകുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7