നിയമങ്ങളില്‍ മാറ്റം : വിന്‍ഡീസ് താരം ജോഫ്ര ആര്‍ച്ചര്‍ക്ക് ഇനി ഇംഗ്ലണ്ടിനായി കളിക്കാം

ലണ്ടന്‍: ട്വന്റി 20 ക്രിക്കറ്റിലെ വിലപ്പിടിപ്പുള്ള താരങ്ങളില്‍ ഒരാളായ ജോഫ്ര ആര്‍ച്ചര്‍ക്ക് ഇനി ഇംഗ്ലണ്ടിന് വേണ്ടി കളിക്കാം. ഇംഗ്ലീഷ് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നിയമങ്ങളില്‍ മാറ്റം വരുത്തിയതോടെയാണ് ആര്‍ച്ചര്‍ക്ക് ഇംഗ്ലണ്ടിനായി കളിക്കാന്‍ സാധിക്കുക. ബാര്‍ബഡോസിലാണ് ജനിച്ചതെങ്കിലും ആര്‍ച്ചര്‍ക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടുണ്ട്. അച്ഛന്‍ ബ്രിട്ടീഷുകാരനായത് കൊണ്ടാണ് ആര്‍ച്ചര്‍ക്ക് പാസ്പോര്‍ട്ട് സ്വന്തമാക്കാനായത്. മുന്‍പ് വിന്‍ഡീസ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ച താരമാണ് ആര്‍ച്ചര്‍.
മുമ്പത്തെ നിയമപ്രകാരം 2022ല്‍ മാത്രമേ ആര്‍ച്ചര്‍ക്ക് ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ കഴിയുമായിരുന്നുള്ളു. 2015ലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയ വര്‍ഷം മുതല്‍ അടുത്ത ഏഴ് വര്‍ഷത്തേക്ക് താരത്തിന് ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ കഴിയുമായിരുന്നില്ല. ഏഴ് വര്‍ഷം എന്നുള്ളതാണ് മൂന്ന് വര്‍ഷമായി ചുരുക്കിയത്.
ബ്രിട്ടീഷ് പൗരത്വമുള്ളവര്‍ക്കും, ഇംഗ്ലണ്ടില്‍ ജനിച്ച് ചെറിയ പ്രായത്തില്‍ തന്നെ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിവര്‍ക്കും, പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ദേശീയ ടീമില്‍ കളിക്കാം. മിക്കവാറും അടുത്ത ജനുവരിയില്‍ നടക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ജേഴ്സി അണിയും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7