രഞ്ജി ട്രോഫി: ആദ്യ ഇന്നിങ്‌സ് 100 തികയ്ക്കാതെ കേരള ടീം

തിരുവനന്തപുരം: രഞ്ജി ട്രോഫി: ആദ്യ ഇന്നിങ്‌സ് 100 തികയ്ക്കാതെ കേരള ടീം. രഞ്ജി ട്രോഫിയില്‍ തുടര്‍ജയങ്ങള്‍ക്കു പിന്നാലെയാണ് കേരളത്തിന്റെ തകര്‍ച്ച. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ മധ്യപ്രദേശിനെതിരേ ആദ്യ ഇന്നിങ്സില്‍ കേരളം 63 റണ്‍സിന് പുറത്തായി.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ കേരളത്തെ കാത്ത ബാറ്റിങ് നിര മധ്യപ്രദേശിനെതിരേ അപ്രതീക്ഷിതമായി തകര്‍ന്നടിയുകയായിരുന്നു. ബാറ്റിങ് നിരയിലെ ആദ്യ അഞ്ചു പേര്‍ രണ്ടക്കം കാണാതെയാണ് കൂടാരം കയറിയത്. വെറും മൂന്നു പേര്‍ മാത്രമാണ് കേരള ഇന്നിങ്സില്‍ രണ്ടക്കം കണ്ടത്.
27 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമായ കേരളം 50 കടന്നത് ജഗദീഷ് (10), വിഷ്ണു വിനോദ് (16), എ.ആര്‍ ചന്ദ്രന്‍ (16) എന്നിരുടെ ബലത്തിലാണ്. ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദ്-അക്ഷയ് ചന്ദ്രന്‍ സഖ്യം 24 റണ്‍സ് ചേര്‍ത്തു. നാലു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും മൂന്നു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്നുമാണ് കേരളത്തെ തകര്‍ത്തത്.
ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ ഏഴിലെത്തിയപ്പോള്‍ കേരളത്തിന് സ്റ്റാര്‍ ബാറ്റ്സ്മാന്‍ ജലജ് സക്സേനയെ നഷ്ടമായി. പിന്നാലെ വന്നപോലെ രോഹന്‍ പ്രേമും മടങ്ങി. 10 റണ്‍സില്‍ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. നാലു റണ്‍സ് കൂട്ടിച്ചേര്‍ക്കവെ മോശം ഫോം തുടരുന്ന സഞ്ജു സാംസണും പുറത്ത്. സച്ചിന്‍ ബേബി (7), ബേസില്‍ തമ്പി (4), കെ.സി അക്ഷയ് (0), സന്ദീപ് വാര്യര്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
മൂന്നു മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു സമനിലയും ഉള്‍പ്പെടെ 13 പോയിന്റോടെ എലീറ്റ് ബി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്താണു കേരളം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7