ബിജെപിയും ആര്‍എസ് എസ്സും ശബരിമല കലാപഭൂമിയാക്കാന്‍ ശ്രമിച്ചു, നിയോഗിച്ചത് 50000 പേരെയെന്ന് കോടിയേരി

തിരുവനന്തപുരം: ശബരിമല കലാപഭൂമിയാക്കാന്‍ ബിജെപിയും ആര്‍എസ് എസ്സും പദ്ധതിയിടുന്നെന്നും ഇതാനിയി ശബരിമലയില്‍ പ്രതിഷേധത്തിന് 50,000 പേരെ ആര്‍എസ് എസ് നിയോഗിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മണ്ഡലകാലത്ത് യുവതികള്‍ വന്നിട്ടില്ലെന്നും പിന്നെ എന്തിനാണ് സമരമെന്നും ശബരിമല തീര്‍ഥാടനം അലങ്കോലമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.സുരേന്ദ്രന്‍ വിശ്വാസിയല്ലെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.
ശബരിമല തീര്‍ഥാടനം അലങ്കോലമാക്കാനാണ് ആര്‍എസ് എസ് ശ്രമിക്കുന്നത്. ക്രമസമാധാനം സംരക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രമന്ത്രി ശബരിമലയില്‍ വന്നത് ശരിയായില്ല. പോലീസുകാരെ നിര്‍ജ്ജീവമാക്കി കലാപമുണ്ടാക്കാനാണ് ശ്രമം. ശബരിമലയില്‍ ചോരവീഴ്ത്താനാണ് അവര്‍ ശ്രമിക്കുന്നത്.
ബിജെപി പ്രവര്‍ത്തകര്‍ ദിവസേന ശബരിമലയില്‍ പോയി കലാപത്തിന് നേതൃത്വം നല്‍കണമെന്ന് സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് ബിജെപി. അതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്ന് ശബരിമലയില്‍ പോകാന്‍ ബിജെപി നിര്‍ദേശം നല്‍കിയത് ആറ്റിങ്ങല്‍ വര്‍ക്കല ചിറയിന്‍കീഴ് മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്കാണ്. ഇങ്ങനെ ഡിസംബര്‍ 15വരെ ഏതെല്ലാം അസംബ്ലി മണ്ഡലങ്ങളില്‍ ഉള്ളവരാണ് സമരത്തിന് പോവേണ്ടതെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്.ആരൊക്കെ നേതൃത്വം നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഇന്ന് നവംബര്‍ 19ന് എംഎസ് കുമാറും അഡ്വ സുരേഷും പുഞ്ചക്കല്‍ സുരേന്ദ്രനും നേതൃത്വം കൊടുക്കണമെന്ന് തീരുമാനിച്ചതായി സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ഒപ്പിട്ടസര്‍ക്കുലറിലാണ് വ്യക്തമായ പദ്ധതിയുള്ളത്.
പരമാവധി ഭക്തര്‍ ഓരോ മണ്ഡലത്തില്‍ നിന്ന് പോവണമെന്ന നിര്‍ദേശവുമുണ്ട്. ബിജെപി നേതാക്കന്‍മാരും പ്രവര്‍ത്തകരും ആര്‍എസ്എസ്‌കാരും ദിവസേന ശബരിമലയിലേക്ക് പോയി സംഘര്‍ഷമുണ്ടാക്കണമെന്നും കലാപത്തിന് നേതൃത്വം കൊടുക്കണമെന്ന വ്യക്തമായ തീരുമാനമെടുത്തതിന്റെ തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
എല്ലാ പ്രായ പരിധിയിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നത് കോടതി വിധിയാണ്. സുപ്രീം കോടതി വിധി വന്നതിനു ശേഷമുള്ള സ്ത്രീകളെ കയറ്റണമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. ഓരോ മണ്ഡലങ്ങളില്‍ നിന്നും ഇത്രയിത്ര സ്ത്രീകളെ കൊണ്ടു പേവണമെന്ന തീരുമാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എടുത്തിട്ടില്ല.
കേരളത്തിലെ ഏറ്റവും വലിയ സ്ത്രീകളുടെ പ്രസ്ഥാനമായ ജനാധിപത്യ മഹിളാ അസോസിയേഷനും ഓരോ ദിവസവും ഇത്രയിത്ര സ്ത്രീകള്‍ പോവണമെന്ന തീരുമാനം കൈക്കൊണ്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ സമരം. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വേണ്ടി മാത്രമല്ലേ സമരം. സന്നിധാനവും നടപ്പന്തലും ഒരു സമരഭൂമിയാക്കി മാറ്റരുത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7