ശബരിമല: ഇന്നലെ രാത്രി പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് ഉണ്ടായ അറസ്റ്റില്‍ വിശദീകരണം തേടി ഡിജിപി ലോക്‌നാഥ് ബെഹ് റ. ഐജി വിജയ സാഖറെ, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്കാണ് ഡിജിപി നോട്ടിസ് അയച്ചത്. സന്നിധാനത്ത് ഞായറാഴ്ച രാത്രിയിലെ ഭക്തരുടെ നാമജപപ്രതിഷേധവും തുടര്‍ന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. രാത്രിയിലെ ബലപ്രയോഗത്തിന്റെ കാരണമെന്താണെന്നാണ് പ്രതീഷ് ചന്ദ്രനോട് ചോദിച്ചിരിക്കുന്നത്.
ഇത്രയും സംഘര്‍ഷഭരിതമായിട്ടും എന്തുകൊണ്ട് സ്ഥലം സന്ദര്‍ശിച്ചില്ലെന്നതാണ് ഐജി വിജയ് സാഖറെയ്ക്കു കിട്ടിയിരിക്കുന്ന നോട്ടിസ്. അതിനിടെ മരക്കൂട്ടത്തെ പൊലീസ് സ്പെഷല്‍ ഓഫിസര്‍ കന്റോണ്‍മെന്റ് എസിപി സുദര്‍ശനെയും അവിടെനിന്നു മാറ്റി. പകരം എങ്ങോട്ടെന്ന് അറിയിച്ചിട്ടില്ല. ഹിന്ദു സംഘടനകളുടെ നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് പരിശോധിക്കാതെ കടത്തിവിട്ടു എന്നതാണ് സുദര്‍ശനെതിരെയുള്ള ആരോപണം.