തിരുവനന്തപുരം: യുവതീ പ്രവേശന വിവാദവും പോലീസിന്റെ കര്‍ശന നിയന്ത്രണങ്ങളും ശബരിമലയിലെ വരുമാനത്തെയും ബാധിച്ചു. കാണിക്ക വരുമാനത്തില്‍ നേരിയ വര്‍ധന മാത്രമാണ് കാണിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന സൂചന. സാധാരണ തീര്‍ഥാടക കാലങ്ങളില്‍ മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ വന്‍തോതില്‍ കാണിക്കവരുമാനം വര്‍ധിക്കാറാണ് പതിവ്. എന്നാല്‍, തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ കുറവ് കാണിക്കവരുമാനത്തെ ബാധിച്ചു. അപ്പം, അരവണ വില്‍പനയിലൂടെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രധാനവരുമാനം വരുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇതില്‍ വന്‍തോതില്‍ കുറവുണ്ടായി എന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.
ശബരിമലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് വരുമാനം കുറയാന്‍ കാരണമായി ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. വില്‍പനയില്‍ കുറവു വന്നതിനെ തുടര്‍ന്ന് അപ്പം നിര്‍മാണം ശബരിമലയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ബോര്‍ഡ് അറിയിച്ചു.
ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു