രമേശ് ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറഞ്ഞാല്‍ തൃപ്തി ദേശായി മടങ്ങിപോകും

പമ്പ: ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പുണെ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃപ്തി ദേശായി. പിന്നീടവര്‍ ബിജെപിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വലിയ വിശ്വാസിയായ രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും ചേര്‍ന്ന് അവരെ പറഞ്ഞ് വിടാവുന്നതേയുള്ളുവെന്നും കടകംപള്ളി പറഞ്ഞു. നിലയ്ക്കലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതകരണം.
ബിജെപിയും കോണ്‍ഗ്രസും പറഞ്ഞാല്‍ അവര്‍ പോകും.അതിന് പകരം നെടുമ്പാശ്ശേരിയില്‍ പ്രാകൃതമായ രീതിയില്‍ സഞ്ചാര സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് പ്രതിഷേധം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീപ്രവേശനത്തിന് കോടതിയില്‍ കേസ് കൊടുത്ത് 12 വര്‍ഷം നിയമ യുദ്ധം നടത്തിയവര്‍ വിധി അനുകൂലമാക്കിയ ശേഷം അതിന്റെ പേരില്‍ ജനങ്ങളെ തെരുവിലിറക്കുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് തൃപ്തി ദേശായിയുടെ വരവെന്ന് സംശയിക്കുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല ദര്‍ശനത്തിന് വന്നതെന്നാണ് തൃപ്തി ദേശായി പറയുന്നത്. പ്രധാനമന്ത്രിക്കും കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും സുരക്ഷ ആവശ്യപ്പെട്ട് അവര്‍ കത്തെഴുതിയിട്ടുണ്ട്. പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിന്റെ കോപ്പിയാണ് അവര്‍ മുഖ്യമന്ത്രിയ്ക്ക് അയച്ചിരിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular