മുംബൈ: മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക പറയുന്നു.
‘ഞാന്‍ പഠിച്ചത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായനോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു കാമ്പയിന്‍ നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു കാമ്പയിന്റെ പേര്. വായനോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു പതിവ്. ഇതൊരു ശീലമാക്കിത്തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ മുന്നോട്ട് പോയത്. ഇതിനെപ്പറ്റി മറ്റുള്ള പെണ്‍കുട്ടികളില്‍ അവബോധം വളര്‍ത്താനും അതിക്രമങ്ങളും അതിരുവിട്ട കമന്റടികളും നിര്‍ത്താനുമായിരുന്നു അത്തരത്തില്‍ കാമ്പയിന്‍ നടത്തിയതെന്ന് മാളവിക മോഹനന്‍ വ്യക്തമാക്കി.
പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. മജീദ് മജീദിയ ഒരുക്കിയ ‘ബിയോണ്ട് ദി ക്ലൗഡ്സ്’ എന്ന ചിത്രത്തിലൂടെ മാളവിക ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’യിലും അഭിനയിക്കുന്നുണ്ട്.