പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണവും കൂടുന്നുവെന്ന് പഠനം; ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ രോഗസാധ്യത കുടുതല്‍

പ്രസവശേഷം വിഷാദരോഗത്തിന് അടിമയാകുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുവെന്ന് പഠനം. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത പെണ്‍കുട്ടികള്‍ക്കു ജന്‍മം നല്‍കുന്ന സ്ത്രീകളേക്കാള്‍ കൂടുതലാണെന്നു തെളിയിക്കുന്ന പുതിയ പഠനം പുറത്ത്
കെന്റ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ആണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത 79 ശതമാനത്തോളം കൂടുതലാണെന്നു വ്യക്തമാക്കുന്നതാണ് പുതിയ പഠനം. പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കുന്ന സ്ത്രീകളില്‍ വിഷാദരോഗവും മറ്റും ഉണ്ടാകാനുള്ള സാധ്യത കുറവാണത്രേ. പ്രസവ സമയത്ത് സങ്കീര്‍ണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത 174 ശതമാനത്തോളം കൂടുതലാണെന്നും പഠനം വെളിപ്പെടുത്തുന്നു. വിഷാദരോഗം അനുഭവിക്കുന്ന സ്ത്രീകളെ ചികില്‍സിക്കുമ്പോഴും പരിചരിക്കുമ്പോഴും പുതിയ പഠനത്തിലെ കണ്ടെത്തലുകള്‍ സഹായകരമാകുമെന്ന കണക്കുകൂട്ടലിലാണ് വിദഗ്ധര്‍.
വിഷാദരോഗം, ആകാംക്ഷ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്ന സ്ത്രീകള്‍ക്ക് പ്രസവശേഷം ഇവ കൂടാനുള്ള സാധ്യത ഇല്ലെന്നും രോഗങ്ങള്‍ പൂര്‍ണമായും മാറുന്ന സാഹചര്യവുമുണ്ടത്രേ. പ്രസവ സമയത്തും അതിനുശേഷവും സ്ത്രീകള്‍ക്കു ലഭിക്കുന്ന മികച്ച പരിചരണവും ശുശ്രൂഷയും മറ്റുമാണത്രെ ഈ സവിശേഷ സാഹചര്യത്തിന്റെ കാരണം. ജീവിതത്തിലുടനീളം അര്‍ഹിക്കുന്ന പരിചരണം ലഭിക്കുകയാണെങ്കില്‍ പല രോഗങ്ങളുടെയും അടിമകളാകുന്ന അവസ്ഥ സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാകില്ല എന്നാണ് ഇതു തെളിയിക്കുന്നത്.
സാറ ജോണ്‍സ്, സാറ മെയേഴ്‌സ് എന്നീ ഡോക്ടര്‍മാരാണ് പഠനം തയാറാക്കിയത്. സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പ്രധാനമായും, ജനിക്കുന്ന കുട്ടികള്‍ ആണ്‍കുട്ടികളോ പെണ്‍കുട്ടികളോ എന്നത് രോഗവുമായി ബന്ധപ്പെടുന്നുണ്ടോ എന്നാണ് പരിശോധിച്ചത്.
പ്രസവശേഷം ഉണ്ടാകുന്ന വിഷാദമുള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ ഒഴിവാക്കാനാവുന്നവയാണെന്നു പറയുന്നു ഡോ.ജോണ്‍സ്. പിന്തുണയും പരിചരണവുമാണ് പ്രധാനം. 296 സ്ത്രീകളുടെ പ്രസവത്തിനുമുമ്പും ശേഷവുമുള്ള മാസങ്ങളിലെ ജീവിതാവസ്ഥകളെക്കുറിച്ചു പഠിച്ചതിനുശേഷമാണ് പ്രബന്ധം തയാറാക്കിയത്. പ്രസവത്തിനുശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പത്തില്‍ ഒരു സ്ത്രീ എന്ന കണക്കിനു വിഷാദരോഗം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. രോഗവും ബുദ്ധിമുട്ടുകളും രോഗിയില്‍തന്നെ ഒതുങ്ങാതെ പങ്കാളികളെയും കൂടുംബങ്ങളെയും ബാധിക്കുന്ന അവസ്ഥയുമുണ്ട്.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികില്‍സ തേടുകയാണു പ്രധാനം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ ലക്ഷണങ്ങള്‍ കാണപ്പെട്ടേക്കാം. യഥാര്‍ഥ പരിചരണവും ശുശ്രൂഷയും ലഭിച്ചാല്‍ രോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ഭാവിയില്‍ രോഗം ഉണ്ടാകുന്നതു തടയുകയും ചെയ്യാമെന്ന ശുഭപ്രതീക്ഷയാണ് പഠനം നടത്തിയ ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്നത്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7