ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനുശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ. അതേസമയം, റിട്ട് എന്നായിരിക്കും പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശബരിമല സംരക്ഷണ ഫോറത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അഭിഭാഷകന്‍ വി.കെ.ബിജുവിന് സുപ്രീംകോടതിയുടെ വിമര്‍ശനവും നേരിടേണ്ടിയും വന്നു. ന്യായമല്ലാത്ത ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട 49 പുനഃപരിശോധനാ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണു പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയില്‍ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എതിര്‍ത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാല്‍, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി.