ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ നാളെ പരിഗണിക്കും. വൈകിട്ട് മൂന്നിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കില്ല. ജഡ്ജിമാരുടെ ചേംബറില്‍ വച്ചായിരിക്കും ഹര്‍ജികളിന്മേല്‍ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകര്‍ക്കോ കക്ഷികള്‍ക്കോ പ്രവേശനം അനുവദിക്കില്ല. 48 ഹര്‍ജികളാണു നാളെ വൈകിട്ടു പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നേതൃത്വം നല്‍കും. ഇതിനു പുറമേ ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ നാളെ രാവിലെ പരിഗണിക്കും. രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക. കേസില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ചന്ദര്‍ ഉദയ്‌സിങ് ഹാജരാകും. ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണു പുതിയ അഭിഭാഷകന്‍ എത്തുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരം ഹാജരാകാനില്ലെന്നു നേരത്തേ അറിയിച്ചിരുന്നു.