തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് സ്വീകരിച്ചു. തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കത്തു കൈമാറിയെന്ന് ചെയര്മാന് അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് ഇന്നലെയാണ് അദീബ് കത്തുനല്‍കിയത്. രാജി സന്നദ്ധത അറിയിച്ച് അദീബ് ഇന്നലെ കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ വി.കെ. അക്ബറിന് ഇമെയില്‍ സന്ദേശം അയയ്ക്കുകയായിരുന്നു. മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്കു മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നായിരുന്നു അദീബിന്റെ ആവശ്യം. അദീബിനെ ജനറല്‍ മാനേജരായി നിയമിച്ചതിനെതിരെ മുസ്ലിം യൂത്ത് ലീഗാണ് ആരോപണവുമായി രംഗത്തിറങ്ങിയത്. തെളിവുകള്‍ നിരത്തി മന്ത്രിയും കോര്‍പറേഷനും അദീബിന്റെ നിയമനത്തെ സാധൂകരിക്കാന്‍ ശ്രമിച്ചെങ്കിലും ദിവസേന അദ്ദേഹത്തിനെതിരെയുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. അര്‍ഹരായവരെ തഴഞ്ഞാണ് അദീബിനെ നിയമിച്ചതെന്നും അദ്ദേഹത്തിന്റെ ബിസിനസ് അഡ്മിനിസ്ട്രേഷന് യോഗ്യതയ്ക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ജനറല്‍ മാനേജരായി അദീബിനെ നിയമിക്കും മുന്‍പു വിജിലന്‍സ് ക്ലിയറന്‍സ് വാങ്ങിയിരുന്നില്ല. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലേക്കു ഡപ്യൂട്ടേഷന് നിയമനം നല്‍കിയതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.
മന്ത്രി ജലീലിന്റെ പിതാവിന്റെ അര്‍ധസഹോദരന്റെ മകന്റെ മകനാണ് അദീബ്. താനുമായി അകന്ന ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്നും കാര്യങ്ങള്‍ സുതാര്യമാണെന്നുമായിരുന്നു ആദ്യം മുതലേ മന്ത്രിയുടെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാജിസന്നദ്ധതയുമായി അദീബ് രംഗത്തുവന്നത്