കൊച്ചി: മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോടും സിനിമാ സംഘടനകളോടും കോടതി ആവശ്യപ്പെട്ടിരുന്നു.
വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ അമ്മ അറിയിക്കുക. ഡബ്ല്യൂസിസിയുടെ ഹര്‍ജിയെ പിന്തുണയ്ക്കുന്ന നിലപാടാകും കോടതിയില്‍ സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുക. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഡബ്ല്യുസിസിയ്ക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
തൊഴിലിടത്തെ ലൈംഗീകാതിക്രമം തടയാനുള്ള നിയമം സൊസൈറ്റികള്‍ക്കുള്‍പ്പടെ ബാധകമാണെന്ന് ഹര്‍ജിയിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്മിറ്റിയുണ്ടെന്നാണ് ‘അമ്മ’ അധികൃതരുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് നേരത്തെ മാധ്യമങ്ങളോട് അമ്മ ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.