റിലീസ് ചെയ്ത് അഞ്ചാഴ്ചക്കുള്ളില്‍ ’96’ ദീപാവലിക്ക് ടെലിവിഷന്‍ പ്രീമിയറായി സ്വീകരണമുറിയില്‍ എത്തുന്നതിനെതിരെ നടി തൃഷ. ഇത് ശരിയായ രീതിയല്ലെന്ന് തൃഷ ട്വിറ്ററിലൂടെ പ്രതികരിച്ചു. സണ്‍ ടിവിയാണ് ദീപാവലിക്ക് ചിത്രം സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. ”ഇത് ഞങ്ങളുടെ അഞ്ചാമത്തെ ആഴ്ചയാണ്. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്. ഒരു ടീമെന്ന നിലയ്ക്ക് 96 ഇത്ര നേരത്തെ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നത് ശരിയല്ല. പ്രീമിയര്‍ പൊങ്കലിലേക്ക് മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിക്കുന്നു”, തൃഷ ട്വിറ്ററില്‍ കുറിച്ചു.
തമിഴിലെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന പട്ടികയിലേക്ക് 96 ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴും വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയും തൃഷയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് മേനോന്‍ ആണ് സംഗീതസംവിധാനം. ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്.