കര്‍ണാടക ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെട് ; വോട്ടെടുപ്പ് ആരംഭിച്ചു

ബംഗളൂരു: കര്‍ണാടകത്തിലെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
6,450 പോളിങ് സ്‌റ്റേഷനുകളില്‍ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ നവംബര്‍ ആറിനാണ്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇരു വിഭാഗങ്ങള്‍ക്കും ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനഹിത പരിശോധന കൂടിയാണ് ഉപതെരഞ്ഞെടുപ്പ്.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍നിന്ന് പിന്‍മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. ജെഡിഎസ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പല നേതാക്കളുടെയും അനന്തരഗാമികള്‍ ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. ജാംഘണ്ഡി മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ സിദ്ധു ന്യാമഗൗഡയുടെ മകന്‍ ആനന്ദ് ന്യാമഗൗഡ ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിയ്‌ക്കെതിരെ മത്സരിക്കുന്നു. ബിജെപി നേതാവ് ബി എസ് യദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്ര ശിവമോഗയില്‍ മുന്‍ മുഖ്യമന്ത്രി എസ് ബംഗരാപ്പയുടെ മകന്‍ മധു ബംഗാരപ്പയ്‌ക്കെതിരെ ജെഡിഎസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.
ബെല്ലാരിയില്‍ ബിജെപി നേതാവ് ശ്രീരാമലുവിന്റെ സഹോദരി ജെ ശാന്ത, കോണ്‍ഗ്രസിന്റെ വി.എസ് ഉഗ്രപ്പയ്‌ക്കെതിരെ മത്സരിക്കുന്നു. മാണ്ഡ്യയില്‍ ജെഡിഎസിന്റെ ശിവരാമ ഗൗഡ, ബിജെപി സ്ഥാനാര്‍ഥി ഡോ. സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിക്കുന്നു. ഇവിടെയും ജെഡിഎസ് വിജയപ്രതീക്ഷയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular