നാലാം ഏകദിനത്തില്‍ വിന്‍ഡീസിന് 378 റണ്‍സിന്റെ വിജയലക്ഷ്യം

മുംബൈ: രോഹിത് ശര്‍മയുടെയും അംബാട്ടി റായിഡുവിന്റെയും വെടികെട്ട് ബാറ്റിംഗിങ്ങില്‍ വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിന്‍ഡീസിന് 378 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടു വെച്ചു.162 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 81 പന്തില്‍ 100 റണ്‍സെടുത്ത റായിഡു അവസാന ഓവറുകളില്‍ റണ്‍നിരക്കുയര്‍ത്താനുള്ള ശ്രമത്തില്‍ റണ്ണൗട്ടാവുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ രോഹിത്-റായിഡു സഖ്യം കൂട്ടിച്ചേര്‍ച്ച 211 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. ഓപ്പണര്‍മാരായ ധവാനും രോഹിത്തും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിവ് പോലെ നല്ല തുടക്കത്തിന് ശേഷം 38 റണ്‍സുമായി ധവാന്‍ മടങ്ങി. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കോലി രണ്ട് ബൗണ്ടറി നേടി അടുത്ത വലിയ സ്‌കോറിന്റെ സൂചന നല്‍കിയെങ്കിലും കെമര്‍ റോച്ചിന്റെ പന്തില്‍ 16 റണ്‍സെടുത്ത് വിക്കറ്ര് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി.
കോലിയുടെ പുറത്താകലിന്റെ നിരാശ മായ്ക്കുന്ന പ്രകടനമായിരുന്നു പിന്നീട് രോഹിത്തും റായിഡുവും ചേര്‍ന്ന് പുറത്തെടുത്തത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് വിന്‍ഡീസ് ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. 98 പന്തില്‍ സെഞ്ചുറിയിലെത്തിയ രോഹിത് നാലാം ഡബിള്‍ സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും 137 പന്തില്‍ 162 റണ്‍സുമായി ആഷ്ലി നേഴ്‌സിന് വിക്കറ്റ് നല്‍കി മടങ്ങി. 20 ബൗണ്ടറിയും നാലു പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. 80 പന്തില്‍ സെഞ്ചുറിയെത്തിയ റായിഡു എട്ട് ബൗണ്ടറിയും നാല് സിക്‌സറുകളും പറത്തി.
രോഹിത് പുറത്തായശേഷം ക്രീസിലെത്തി ധോണി ആക്രമിച്ചു തുടങ്ങിയെങ്കിലും 15 പന്തില്‍ രണ്ട് ബൗണ്ടറികളടക്കം 23 റണ്‍സുമായി കെമര്‍ റോച്ചിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവും നാലു പന്തില്‍ ഏഴ് റണ്‍സെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയെ 350 കടത്തിയത്.

നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവ് ടീമിലെത്തി. യൂസ്വേന്ദ്ര ചാഹലിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. അഞ്ച് മത്സരങ്ങുള്ള പരമ്പരയില്‍ ഒരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഒരു ഏകദിനം ടൈയില്‍ അവസാനിച്ചിരുന്നു.
തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ സെഞ്ചുറി നേടിയശേഷമാണ് ഈ മല്‍സരത്തില്‍ കോഹ്‌ലി 16 റണ്‍സുമായി മടങ്ങിയത്. വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും ആഷ്‌ലി നഴ്‌സ്, കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

Similar Articles

Comments

Advertismentspot_img

Most Popular