പൂണെ: വെസ്റ്റന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യയുടെ തോല്‍വിക്കുള്ള കാരണം നിരത്തി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 284 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 240 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഗ്രൗണ്ടിന് പുറത്ത് ആവിഷ്‌കരിക്കുന്ന തന്ത്രങ്ങള്‍ ടീമിന് കളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നില്ലെന്നാണ് കോഹ്‌ലി തുറന്നടിച്ചത്.
മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ സ്ഥിരത പുലര്‍ത്താത്തതിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കോഹ്‌ലി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചത്.
തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നെങ്കിലും കോഹ്‌ലിയും ധവാനും ടീമിന് മികച്ച അടിത്തറ സമ്മാനിച്ചിരുന്നു. എന്നാല്‍, പിന്നീട് വന്ന ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. 119 ബോളില്‍ നിന്ന് 107 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയാണ് ഇന്ത്യയെ വന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത്.