ശബരിമല സ്ത്രീ പ്രവേശനം മുതലെടുക്കാന്‍ ബിജെപി… ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിവാദം ബിജെപിക്കുണ്ടാക്കിയ ഉണര്‍വ് മുതലെടുക്കാനന്‍ ലക്ഷ്യം ഇട്ട് ബിജെപി. സംഘപരിവാര്‍ സംഘടനകളുടെ സമരത്തിനു കരുത്തുപകര്‍ന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഇന്ന് കേരളത്തിലെത്തും. ശിവഗിരിയിലെ മഹാസമാധി നവതിയാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് എത്തുന്നതെങ്കിലും ശബരിമല സമരത്തില്‍ സന്യാസിമാരെക്കൂടി ഒപ്പം നിര്‍ത്തുകയാണു ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റു പാര്‍ട്ടികളില്‍നിന്നും പ്രമുഖരെ ബിജെപിയിലെത്തിക്കാനും നീക്കമുള്ളതായാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് നാളുകള്‍ നീളുന്ന സമരമുഖത്തേക്കാണ് ബി.ജെ.പി നീങ്ങുന്നത് എന്നാണ് സൂചനയ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവരെ ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ ആവേശം നിലനിര്‍ത്തികൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഇന്ന് കണ്ണൂരില്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനു എത്തുന്ന അമിത്ഷാ നാളെ തിരിവനന്തപുരത്തെത്തും. പാര്‍ട്ടി നേതാക്കളുമായി കേരള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അദ്ദേഹം എന്‍.ഡി.എ യോഗത്തിലും പങ്കെടുക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന സമരമായിരിക്കും കേരള യാത്രയിലെ മുഖ്യ ചര്‍ച്ചാവിഷയം. ശബരിമല ക്ഷേത്രം തന്ത്രിയെയും അമിത് ഷാ കണ്ടേക്കും. തന്ത്രിയുമായി അദ്ദേഹം കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി പി.എസ്. ശ്രീധരന്‍പിള്ള ചുമതലയേറ്റശേഷം നടക്കുന്ന ആദ്യത്തെ ജനകീയ സമരമെന്ന നിലയ്ക്കാണ് ശബരിമല സമരത്തെ പാര്‍ട്ടി വിലയിരുത്തുന്നത്. ഹൈന്ദവ വിശ്വാസികളുടെ വലിയ പിന്തുണ ഈ സമരത്തിന്റെ ആദ്യഘട്ടത്തില്‍ നേടാനായത് പ്രധാന നേട്ടമായാണ് വിലയിരുത്തല്‍. ശബരിമല സ്ത്രീപ്രവേശന വിധിയില്‍ സുപ്രീം കോടതിയുടെ പുന:പരിശോധനാ വിധി എന്തായാലും ശബരിമല ക്യാമ്പയിനുമായി ബി.ജെ.പി. മൂന്നോട്ടുപോകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശബരിമല വിഷയത്തില്‍ സി.പി.എം. വീടുകയറി പ്രചാരണം നടത്തുമ്പോള്‍ വീടുകയറിയുള്ള കാമ്പയിനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്.

മെഡിക്കല്‍ കോഴയിലും ഇന്ധന വിലവര്‍ധനയിലും ആകെ വിയര്‍ത്തു നിന്നസമയത്ത് ബിജെപിക്കു കിട്ടിയ പിടിവള്ളിയായിരുന്നു ശബരിമല യുവതീപ്രവേശം. ഒത്തുപിടിച്ചാല്‍ കേരളത്തില്‍ ലോക്‌സഭാ സീറ്റെന്ന ബാലികേറാമല കടക്കാമെന്നുള്ള നിര്‍ദേശം സംസ്ഥാനത്തെ നേതാക്കള്‍ക്ക് അമിത് ഷാ നല്‍കി കഴിഞ്ഞു. യുവതീപ്രവേശ സമരങ്ങളിലെല്ലാം നേരിട്ടുള്ള ഇടപെടലും ദേശീയനേതൃത്വം നടത്തിയിരുന്നു. ബിഡിജെഎസിലൂടെ എസ്എന്‍ഡിപിയിലേക്ക് എത്താന്‍ കഴിഞ്ഞെങ്കിലും എന്‍എസ്എസ് ബിജെപിയെ അടുപ്പിച്ചിരുന്നില്ല.

ചര്‍ച്ചയ്ക്ക് പലതവണ ആഗ്രഹം പ്രകടിപ്പിച്ച ബിജെപി നേതാക്കളെ കാണാന്‍ പോലും സുകുമാരന്‍ നായര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍എസ്എസിന്റെ നാമജപയാത്രയും അതിനെതിരായ പൊലീസ് കേസും ബിജെപിക്ക് ഏറെ ആവേശം പകര്‍ന്നിട്ടുണ്ട്
എന്‍എസ്എസിന്റെ സമരം ബിജെപിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നു നേതൃത്വം വിശ്വസിക്കുന്നു. സന്യാസി സമൂഹത്തെ കൂടി സമരരംഗത്തിറക്കാനും ബിജെപി ശ്രമം തുടങ്ങി. ഉച്ചകഴിഞ്ഞ് ശിവഗിരിയിലെത്തുന്ന അമിത് ഷായ്ക്ക് ഈ ദൗത്യം കൂടിയുണ്ട്. ശിവഗിരി സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് ചേരുന്ന ബിജെപി നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങള്‍ക്കുള്ള മാര്‍ഗരേഖ അമിത് ഷാ നല്‍കും. ജി.രാമന്‍ നായരെ ബിജെപിയിലെത്തിച്ചപോലെ ശബരിമല പ്രശ്‌നത്തില്‍ മറ്റുപാര്‍ട്ടികളിലെ ഇടഞ്ഞു നില്‍ക്കുന്ന പ്രമുഖരെ കൂടി ബിജെപി ലക്ഷ്യമിടുന്നുണ്ട്.

അതേസമയംദേശീയ മാധ്യമങ്ങളിലടക്കം അഭിമുഖങ്ങള്‍ നല്‍കി വിശദീകരണത്തിനൊരുങ്ങുകയാണു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി വിശദീകരണ യോഗങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നതിനൊപ്പം വിഷയം ദേശീയ തലത്തിലും ചര്‍ച്ചയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ പ്രമുഖ ചാനലുകളിലെ മാധ്യമ പ്രവര്‍ത്തകരെ തിരുവനന്തപുരത്തെത്തിച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തുന്നതിനുള്ള കരുക്കള്‍ നീക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകരാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്. ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തിലേക്കു സംഘപരിവാര്‍ സംഘടനകള്‍ കാര്യങ്ങളെത്തിച്ചെന്ന് പറയാനാവും ശ്രമിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7