ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി; സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടഞ്ഞിട്ടില്ലെന്നും പിണറായി

തിരുവനന്തപുരം: ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല നട തുറക്കുന്നതിനു മുന്‍പുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാര്‍ നടത്തിയത്. അതിന് അവര്‍ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം.

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണ്. പ്രതിഷേധത്തിന്റെ പേരില്‍ പന്തല്‍ കെട്ടി ചിലര്‍ ശബരിമലയില്‍ സമരം നടത്തിയത് എല്ലാവരും കണ്ടതാണ്. അതിനും സര്‍ക്കാര്‍ എതിരു നിന്നില്ല. എന്നാല്‍ ആ സമരത്തിനു പുതിയ രീതികള്‍ വന്നു. ശബരിമലയില്‍ പോകുന്ന ഭക്തരെ പരിശോധിക്കുന്ന നിലയുണ്ടായി. ഇതു കഴിഞ്ഞു മാത്രമേ മലയ്ക്കു പോകാന്‍ പറ്റൂവെന്ന അവസ്ഥയുണ്ടായി. ഭക്തര്‍ക്കെതിരെയും മലയിലെത്തിയ യുവതികള്‍ക്കു നേരെയും അതിക്രമമുണ്ടായി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വലിയ തോതില്‍ അക്രമം നടന്നു. ഇതില്‍ കാണാന്‍ കഴിയുന്നത് ഒരു പുതിയ രീതിയാണ്. തങ്ങള്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്യണം. അല്ലെങ്കില്‍ ആക്രമിക്കും എന്ന നിലപാട് പരസ്യമായി സ്വീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ എല്ലാവരും കണ്ടു. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഘപ്രവര്‍ത്തകരുടെ മുഖം എല്ലാവരും കണ്ടതാണ്. രാജ്യത്തു നിലനില്‍ക്കുന്ന മര്യാദകളെ ലംഘിച്ചു നിയമം കൈയിലെടുക്കുന്ന അവസ്ഥയിലേക്കു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തി. ഇതോടെ ഭക്തര്‍ക്കു സുരക്ഷയൊരുക്കല്‍ പൊലീസിന്റെ ഉത്തരവാദിത്തമായി. ശബരിമലയിലെത്തിയ യുവതികള്‍ക്കെതിരെയും അവരുടെ വീടുകള്‍ക്കു നേരെയും ഒരേ സമയം അക്രമം ഉണ്ടാകുകയാണ്. ഇതൊക്കെ കാണിക്കുന്നത്, യാദൃച്ഛികമായല്ല ഇതൊക്കെ സംഭവിച്ചതെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണെന്ന് പിണറായി വിജയന്‍ പറഞ്ഞു. നിയമപരമായ ഏക അവകാശി ബോര്‍ഡ് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി. സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ തന്ത്രിയും പരിമകര്‍മ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശബരിമല വിഷയത്തില്‍ മുന്‍നിലപാടില്‍ ഉറച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം.

സുപ്രീം കോടതി ഉത്തരവാണ് ചിലര്‍ ബഹളത്തിലൂടെ തിരുത്താന്‍ ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ സര്‍ക്കാര്‍ ബഹുമാനിക്കുകയും ചെയ്യുന്നു. ആരാധന സ്ഥലത്തിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് ആവശ്യം. ശബരിമല സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7