മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് മിമിക്രി കലാകാരന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. ഉദയനാപുരം ഉഷാ നിവാസില്‍ വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി.
മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന്‍ കരാറുകാരനുമായ പാലാ പുലിയന്നൂര്‍ കൊച്ച് ഒഴുകയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനായ എന്‍.അനൂപാണ് വരന്‍. അനൂപ് രണ്ട് വര്‍ഷം മുമ്പ് വിജിയുടെ വീടിനടുത്തുള്ള കുടുംബ ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. കുടുംബങ്ങള്‍ തമ്മില്‍ അടുത്തപ്പോള്‍ അനൂപ് തന്നെയാണ് വിവാഹഭ്യര്‍ഥന മുന്നോട്ട് വച്ചത്. വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.
വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കാനുള്ള തിരുമാനത്തിന് പിന്നിലെന്നും അനൂപ് പറയുന്നു. സെല്ലുലോയ്ഡ് എന്ന മലയാള സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധ നേടിയത്. ഈ ഗാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഒറ്റയ്ക്ക് പാടുന്ന എന്ന ഗാനത്തിന് തൊട്ടടുത്ത വര്‍ഷം സംസ്ഥാന പുരസ്‌കാരവും നേടി. തുടര്‍ന്ന് തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി പാട്ടുകള്‍ വിജയലക്ഷ്മിയുടേതായി പുറത്തു വന്നു. അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലി കൊണ്ടും ശബ്ദം കൊണ്ടും ആസ്വാദകഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. തന്റെ വൈകല്യത്തെ തോല്‍പ്പിച്ചാണ് വിജയലക്ഷ്മി സംഗീത ലോകത്ത് തനിക്കായി ഒരു ഇടം കണ്ടെത്തിയത്.