യുഎഇയില്‍നിന്ന് മാത്രം 300 കോടി പിരിച്ചെടുക്കണം; അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടി; അടുത്ത ജൂണിനുള്ളില്‍ ലക്ഷ്യം കൈവരിക്കാന്‍ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി

ദുബായ്: കേരളത്തെ പുനര്‍നിര്‍മിക്കാനായി യു.എ.ഇ.യില്‍നിന്ന് 300 കോടി രൂപയെങ്കിലും സമാഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലുദിവസത്തെ യു.എ.ഇ.യിലെ ഔദ്യോഗിക പര്യടനത്തിനൊടുവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇ.യിലുള്ള നോര്‍ക്ക, ലോക കേരളസഭാ അംഗങ്ങള്‍ക്കൊപ്പം പ്രമുഖ പ്രവാസിസംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇതുവരെ നല്‍കിയ തുക ഇതിനൊപ്പം ചേര്‍ക്കേണ്ടതില്ലെന്നും പുതുതായി 300 കോടി രൂപയാണ് സമാഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിവിധ ഘട്ടങ്ങളിലായി ഈ തുക സമാഹരിക്കണം. അടുത്ത ജൂണ്‍ മാസത്തോടെ ലക്ഷ്യം കൈവരിക്കാനാവണം ശ്രമം. ഡിസംബര്‍ 31, ജനുവരി 31 എന്നീ തീയതികളില്‍ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയാക്കണം.

യു.എ.ഇ.യിലെ റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ജീവകാരുണ്യസംഘടനകള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വിഭവസമാഹരണം നടത്തുന്നുണ്ട്. അതിനുപുറമേയാണ് പ്രവാസിമലയാളികളുടെ ഈ പ്രവര്‍ത്തനം കേരളം ആവശ്യപ്പെടുന്നത്. അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള ഈ യത്‌നത്തില്‍ എല്ലാവരും പങ്കാളികളാകണം. എല്ലാവിഭാഗക്കാരെയും ഇതുമായി സഹകരിപ്പിക്കണം. ഒരുമിച്ചുനിന്നുകൊണ്ട് ഈ വെല്ലുവിളി നാം ഏറ്റെടുക്കണം. നവകേരളനിര്‍മിതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടി സൃഷ്ടിപരമായ നിര്‍മാണത്തിലൂടെയാവണം നാം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

അമേരിക്കയിലെ മലയാളികളില്‍നിന്ന് 150 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. അതിനേക്കാള്‍ വലിയതോതില്‍ മലയാളികളുള്ള സ്ഥലമാണ് യു.എ.ഇ. സാധാരണക്കാരനില്‍നിന്ന് പത്തു ദിര്‍ഹമെങ്കില്‍ പത്തുദിര്‍ഹം പോലും ഇതിലേക്ക് സമാഹരിക്കണം. ഇതിനായി സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എല്ലാ സംഘടനാ നേതാക്കളോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ചകളില്‍ ഓരോ എമിറേറ്റിലും അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തണം. മാസംതോറും കേന്ദ്രീകൃതയോഗം ചേര്‍ന്ന് കാര്യങ്ങള്‍ നിരീക്ഷിക്കണം. പ്രാദേശികകൂട്ടായ്മകളെ വിശ്വാസത്തിലെടുത്തുവേണം ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയെക്കുറിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വെറുതെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്കുള്ള കൃത്യമായ മറുപടി കണക്കുകള്‍വെച്ച് നല്‍കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. യഥാര്‍ഥവസ്തുതകള്‍ പറഞ്ഞ് അവരെ ബോധവത്കരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സംഘവും ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7