പമ്പ: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ടോടെ തുറക്കാനിരിക്കെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കുകയാണ് പ്രതിഷേധക്കാര്‍. നിലക്കലില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ നിലക്കലിലോ പമ്പയിലോ പ്രതിഷേധം നടത്തും. കെ പി ശശികലയും നിലക്കലില്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ന് 9 മണിയോടെ പമ്പയില്‍ തന്ത്രികുടുംബത്തിന്റെ പ്രാര്‍ത്ഥനാസമരം ആരംഭിക്കും. ഇതിന്റെ ഭാഗമായി എത്തിയ രാഹുല്‍ ഈശ്വറിനെയും മുത്തശ്ശിയെയും പൊലീസ് നിലക്കലില്‍ തടഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് മുത്തശ്ശിയോടൊപ്പം പ്രാര്‍ഥനാസമരം നടത്തുമെന്ന് പ്രഖ്യാപിച്ച് നാല് മണിയോടെയാണ് രാഹുല്‍ ഈശ്വര്‍ നിലയ്ക്കലില്‍ എത്തിയത്. പൊലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞു. സ്വകാര്യവാഹനങ്ങളൊന്നും നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് കടത്തി വിടില്ലെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയായി. സമരക്കാരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതേസമയം നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സമരപ്പന്തല്‍ പൊലീസ് പൊളിച്ച് നീക്കി. സമരപ്പന്തലിന് സമീപം കൂടുതല്‍ വനിതാ പൊലീസിനെ വിന്യസിച്ചു. അറുപതോളം വനിതാ പൊലീസുകാരാണ് എത്തിയിട്ടുള്ളത്. എരുമേലിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സമരം അനുവദിക്കില്ലെന്ന് ഉറച്ച നിലപാടാണ് പൊലീസിന്റേത്.