കണ്ണൂര്‍: പയ്യാവൂരില്‍ രണ്ടു മക്കള്‍ക്കും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. സ്വപ്ന അനീഷ് ആണ് മരിച്ചത്. ഇളയ കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 11 വയസ്സുള്ള മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്. ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണു സൂചന. ഇവരുടെ ഭര്‍ത്താവ് ഇസ്രായേലില്‍ ആണുള്ളത്. യുവതി പയ്യാവൂരില്‍ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു.
ഓഗസ്റ്റ് 27ന് രാത്രിയാണ് പയ്യാവൂര്‍ സ്വദേശി സ്വപ്ന പെണ്‍മക്കളായ ആന്‍സീനയ്ക്കും അന്‍സീലയ്ക്കും ഐസ്‌ക്രീമില്‍ വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. പിറ്റേന്ന് ഇളയമകളായ അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്ന തന്നെയാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ ലോണെടുത്ത് വീടും സ്ഥലവും വാങ്ങിയിരുന്നു. ലക്ഷങ്ങളുടെ ചിട്ടിയും ചേര്‍ന്നിട്ടുണ്ട്.